• WELCOME TO OUR BLOG

    "We are Syrians. From the time of the apostle St Thomas who was in our country and gave us the treasure of the holy faith, we have been until today, without any break, performing our ecclesiastical ceremonies and practices in the Syriac rite. Your predecessors tried their best to change this. But they realized they could not "-Thomman Paremmakkal

    Read More
  • LITURGICAL SEASON OF 'Annunciation'

    “What angel Gabriel announced to Marth Mariyam was the greatest glad news to humanity that eagerly waited for the Messiah” (CCL II, 994)

    Read More

നീയാകുന്ന പാറമേൽ

മരണത്തിന്റെ ഇരുണ്ട വാതായനങ്ങൾ തുറന്ന് രാത്രി വിറങ്ങലിച്ചു നിൽക്കുന്നു....
ഒറ്റുകാരന് രക്തപ്പറമ്പിൽ ഒരു മുഴം കയറെങ്കിൽ ഒറ്റിക്കൊടുക്കപ്പെട്ടവന് നാളെ കാൽവരിയിൽ കുരിശിലെ യാഗബലി......
എരിയുന്ന തീക്കനലിനു സമീപം അതിലേറെയെരിയുന്ന ഹൃദയവുമായിരിക്കുന്ന പത്രോസിനു നേരെ ചാട്ടുളി പോലെ വന്ന ചോദ്യം.
"നീയും അവന്റെ കൂടെ ഉണ്ടായിരുന്നവനല്ലേ....... ?"
"ഇല്ല, അവനെയെനിക്കറിയുകപോലുമില്ലാ"യെ
ന്ന് ഉറക്കെ നിഷേധിച്ചുകൊണ്ട് പത്രോസ് തലകുനിക്കുമ്പോൾ വിചാരണ കാത്തു കോട്ട കൊത്തളങ്ങൾക്കുള്ളിൽ തന്നെ കടലിനുമീതെ നടത്തിയവൻ......
മുഖമൊന്നു തിരിച് നാഥൻ അവനെ ഒന്ന് നോക്കി..... പുറത്തുപോയിരുന്ന് പത്രോസ് ഉള്ളം നൊന്തുകരഞ്ഞു......
ഗുരുവിനെ നിഷേധിച്ചവനായിട്ടും ചാപല്യങ്ങളേറെ കാട്ടിയിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് തന്റെ സഭയുടെ തലവനായി ഈശോ പത്രോസിനെതന്നെ തിരഞ്ഞെടുത്തത് ?
പള്ളിക്കൂദാശക്കാലത്തിന്റെ ആദ്യ ഞായറാഴ്ചയിലെ സുവിശേഷ വായനയിൽ നിന്നും അതിനുത്തരം ലഭിക്കുന്നുണ്ട്. കേസറിയ ഫിലിപ്പിയിൽവച്ച് ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നതെന്ന മിശിഹായുടെ ചോദ്യത്തിനുത്തരമായി പത്രോസ് നടത്തിയ വിശ്വാസപ്രഖ്യാപനമാണത്.
"നീ ജീവനുള്ള ദൈവത്തിൻറെ പുത്രനായ ക്രിസ്തുവാണ്‌.  "(മത്താ. 16:16)
മാംസരക്തങ്ങൾ മനുഷ്യനെ ഭൂമിയോട് ചേർത്തു നിർത്തുമ്പോൾ പിതാവിന്റെ കരുണ പത്രോസിനെ വിശ്വാസത്തിന്റെ ഗിരിശൃംഗളിലേക്കുയർത്തുന്നു. ദൈവിക വെളിപാടിനോട് സഹകരിച്ച പത്രോസിന് ഈശോ കൊടുത്ത സമ്മാനമാണ് സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ. അങ്ങനെ പത്രോസാകുന്ന പാറമേൽ സഭ ജന്മമെടുക്കുന്നു.
നമ്മുടെ ജീവിതത്തിലുണ്ടോ ഈ കേസറിയ ഫിലിപ്പി അനുഭവം? ദൈവത്തിനുവേണ്ടി അതിയായി ദാഹിക്കുന്ന മനുഷ്യന്റെ ചിന്തകളിലേക്ക്‌ ദൈവിക വെളിപാട് സന്നിവേശിപ്പിക്കുമ്പോൾ വിശ്വാസ രഹസ്യങ്ങൾ അനാവൃതമാക്കപ്പെടുന്നു. നാവുകൊണ്ട് വിശ്വാസം ഏറ്റു പറയുന്നതിനൊപ്പം ജീവിതവും പ്രവൃത്തിയും കൊണ്ട് ഈശോ നിനക്കാരാണെന്ന ചോദ്യത്തിന് നാം മറുപടി പറയേണ്ടതുണ്ട്.
സഭയിലൂടെ ഈശോ നൽകുന്ന രക്ഷയെക്കുറിച് നാം ധ്യാനിക്കുന്ന ഈ പള്ളിക്കൂദാശക്കാലത്തിൽ പത്രോസ് ശ്ലീഹായുടെ കേസറിയ ഫിലിപ്പി അനുഭവം നാമോരോരുത്തരുടേയും ആത്മാവിലും ജീവിതത്തിലും നിറയെട്ടെയെന്നു പ്രാർത്ഥിക്കുന്നു.
ഏവർക്കും പള്ളിക്കൂദാശക്കാലത്തിന്റെ മംഗളങ്ങൾ........
 

അത്തിമരത്തിന്റെ ചില്ലകൾ തളിർക്കുമ്പോൾ

ഒരു ദിനം നാമെല്ലാം കാത്തിരിക്കുന്നുണ്ട്. അല്ലെങ്കിൽ തീർച്ചയായും അതു നമ്മെ കാത്തിരിക്കുന്നുണ്ട്...
 കിഴക്കു നിന്നും പടിഞ്ഞാറോട്ടു പായുന്ന മിന്നൽപ്പിണർപോലെ....
 നഭോ മണ്ഡലത്തിൽ ഉദിച്ചുയന്നൊരഗ്നി നക്ഷത്രം പോലെ....
 മേഘത്തേരിൽ ദിവ്യതേജസ്സോടെ മിശിഹാനാഥൻ എഴുന്നള്ളുന്ന ദിനം... അന്തിമഹാകാലത്തിന്റെ കാഹളധ്വനി ചക്രവാളങ്ങളിൽ മുഴങ്ങുമ്പോൾ ഭൂമിയിൽ തീർത്ത മൺകുടീരങ്ങളുപേക്ഷിച്ച് ആത്മശരീരങ്ങളോടെ മൃതരെല്ലാം ഉയർത്തെഴുന്നേൽക്കുന്ന ദിനം..
ചെമ്മരിയാടുകൾ കോലാടുകളിൽ നിന്നും വേർതിരിക്കപ്പെടുന്ന ദിനം... അന്ത്യവിധിയുടെ ദിനം...
അന്ന്, അഭൗമമായ കാന്തിക പ്രഭയിൽ മിന്നിത്തിളങ്ങുന്ന നാഥന്റെ മുഖത്തു നോക്കാൻപോലുമാവാതെ അനുതാപാകുലരായി നാം നില്ക്കുമ്പോൾ....
അവന്റെ വലതുഭാഗത്തെ ഇരിപ്പിടങ്ങളിലേയ്ക്ക് ആശയോടെ നോക്കിയിരിക്കുമ്പോൾ....
 നാം പരിഹസിച്ച മനോരോഗിയും നാം കല്ലെറിഞ്ഞ യാചകനും നാം കൈമലർത്തിക്കാട്ടിയ ദരിദ്രനും അവ കൈവശമാക്കുന്നത് അത്ഭുതത്തോടെ നാം കാണും...
ഭൂമിയിൽ നാം എല്ലാം പാടിയും പ്രഘോഷിച്ചും നടന്ന ദൈവകരുണ എന്താണെന്ന് പൂർണ്ണമായും മനസ്സിലാക്കുന്ന നിമിഷം കൂടിയാവും അത്... നമ്മൾ വില അറിയാതെ പോവുന്ന ചില കാര്യങ്ങളുണ്ട്...
അഗതിയുടെ പൊള്ളുന്ന പനിക്കിടക്കയിൽ അവന്റെ നെറ്റിയിൽ അരുമയായി ചേർത്തുവച്ച സ്നേഹസാന്ദ്രമായ കൈത്തലം പോലെ... 
രാവേറെയായിട്ടും അമ്മയെത്താത്ത കൂട്ടിലെ കളിക്കുഞ്ഞിന്റെ നൊമ്പരം കേട്ടു പിടയുന്ന ഹൃദയം പോലെ... 
വിശുദ്ധവും അതിലളിതവുമായ ചില കാര്യങ്ങൾ. ഇത്തരം ചില ചെറിയ കാര്യങ്ങളാവണം ഒരു പക്ഷേ നമ്മെ അവന്റെ വലതുഭാഗത്തിനർഹരാക്കുന്നത്. 
ചില്ലകളിൽ തളിരിലകളുയർത്തി അത്തിമരം ഗ്രീഷ്മത്തെ കാത്തിരിക്കുംപോലെ മിശിഹായുടെ പ്രത്യാഗമനം വിശ്വാസസമുഹം പാർത്തിരിക്കുന്ന ഈ ആരാധനക്രമ കാലഘട്ടത്തിൽ അവന്റെ വലതുഭാഗത്തിൻഹരാക്കുന്ന വാക്കും പ്രവൃത്തിയും നമ്മുടെ ജീവിതമുദ്രകളാവട്ടെ. നാഥന്റെ മഹാകാരുണ്യത്തിന് നാമെല്ലാം പാത്രീഭൂതരാകട്ടെയെന്ന് പ്രാർത്ഥനയോടെ ....

ജൂലൈ 3 ദുക്റാന തിരുനാൾ... അപ്പന്റെ ആണ്ടു ഖുർബാനയ്ക്കുള്ള ഒരുക്കങ്ങൾ

* 'ദുക്റാന' എന്ന സുറിയാനി പദത്തിന്റെ അർത്ഥം ഓർമ്മയാചരണം എന്നാണ്. 


 *ദുക്റാന തിരുനാൾ സഭാ ദിനം, ജാതീയ ദിനം, പിതൃ ദിനം എന്നിങ്ങനെയും അറിയപ്പെടുന്നു. 

*നമ്മുടെ പിതാവായ മാർത്തോമ്മാശ്ലീഹായുടെ ഓർമ്മ ദിനത്തിൽ സർവോൽകൃഷ്ടമായ പരിശുദ്ധ റാസ അർപ്പിക്കാൻ നാം കടപ്പെട്ടിരിക്കുന്നു. ഉത്ഥാന തിരുനാൾ കഴിഞ്ഞാൽ നസ്രാണികളുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളാണിത്. കടമുള്ള ദിവസമായ ദുക്റാനത്തിരുനാളിനെ അർഹിക്കുന്ന പ്രാധാന്യത്തോടെ സമീപിക്കേണ്ടതുണ്ട്.

* ദുക്റാനത്തിരുനാളിനു മുന്നോടിയായി എട്ടു ദിവസത്തെ ഒരുക്കങ്ങളുണ്ട്. ഉപവാസം, പരിശുദ്ധ ഖുർബാനയ്ക്ക് മുമ്പായി സപ്ര നമസ്ക്കാരം, ദൈവാലയത്തിലെ സായാഹ്ന നമസ്ക്കാരങ്ങൾ എന്നിവയാണ് അവ. 

*ദുക്റാന സഭാദിനം കൂടിയാണ്. മാർത്തോമ്മാശ്ലീഹായിൽ നിന്നു രൂപമെടുത്ത നിരവധി വ്യക്തി സഭകളുണ്ട്. ഈ സഭകളുടെയെല്ലാം ഐക്യത്തിനായി പ്രത്യേകം പ്രാർത്ഥിക്കേണ്ട ദിനങ്ങൾ കൂടിയാണിത്. 

*നമ്മുടെ അനന്യമായ വിശ്വാസത്തിന്റെ പ്രതീകമായ മാർത്തോമ്മാസ്ലീവായ്ക്ക് നൽകേണ്ട വണക്കം കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. അതിമഹത്തായ നമ്മുടെ വിശ്വാസപൈതൃകം കാത്തുസൂക്ഷിക്കുന്നതിനും വളർത്തുന്നതിനുമായി മാർത്തോമ്മ നസ്രാണികളായ നാം കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു

വെൺപ്രാവായ് പറന്നിറങ്ങണമേ


അത്യുന്നതങ്ങളിൽ നിന്ന് ഒരു പ്രാവ് പറന്നിറങ്ങി. അരിയിൽ തോൽവാറു ചുറ്റിയ അവധൂതന്റെ മുന്നിൽ വിനയത്തോടെ തലകുമ്പിട്ടുനിന്ന ഒരു മുപ്പതുകാരൻ യുവാവിന്റെമേൽ.... മൂന്നു വർഷങ്ങൾക്കുശേഷം ഒരു ദു:ഖസന്ധ്യയിൽ ആകാശചെരുവിൽ നിന്ന് തീനാവുകൾ പെയ്തിറങ്ങി. അടച്ചിട്ട മുറിയിൽ പ്രാർത്ഥിച്ചിരുന്ന ഒരമ്മയുടെയും പന്ത്രണ്ടു ദുർബല മാനസരുടെയും മേൽ... ആ മുപ്പതുകാരൻ യുവാവ് പിന്നെ മനഷ്യകുലത്തിന്റെ പാപങ്ങൾ പോക്കുന്നവനായി. ആ പന്ത്രണ്ടുപേർ നാഥന്റെ സുവിശേഷം ലോകമെങ്ങും സധൈര്യം പ്രഘോഷിക്കുന്നവരായി. അഗ്നിജ്വാലകളുടെ രൂപത്തിൽ പരിശുദ്ധാത്മാവ് പറന്നിറങ്ങുമ്പോൾ മാറ്റപ്പെടുന്നത് കാഴ്ച്ചകളല്ല. കാഴ്ചപ്പാടുകളാണ്. എല്ലാവർക്കും പന്തക്കുസ്താ തിരുനാൾ മംഗളങ്ങൾ... പരിശുദ്ധാത്മാവ് ശക്തിപ്പെടുത്തുന്ന, സഹായിക്കുന്ന ആത്മാവാണ്. തെളിവാർന്ന ബോധ്യങ്ങൾ സമ്മാനിക്കുന്ന, സത്യത്തിന്റെ വഴിയിലൂടെ മുന്നോട്ടു പോകാൻ പ്രേരണ നല്കുന്ന സംരക്ഷകനാണ് പരിശുദ്ധാത്മാവ്. സാവൂളിനെ പൗലോസാക്കിയതും ദുശ്ചരിനായ അഗസ്റ്റിനെ വിശുദ്ധ ആഗസ്തീനോസാക്കിയതും പരിശുദ്ധാത്മാവ് തന്നെ.
                              ആത്മാവ് ഉള്ളിൽ നിറയുന്നോൾ അജ്ഞത മാറുന്നു. അന്ധകാരമകലുന്നു. സംശയങ്ങൾ ഇല്ലാതാവുന്നു. എല്ലാവർക്കും എല്ലാം മനസ്സിലാകുന്നു. പന്തക്കുസ്താനാളിൽ ശ്ലീഹന്മാർ താന്താങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നതുകേട്ട് ജനങ്ങൾ വിസ്മയഭരിതരായി. അതേസമയം ഒറ്റക്കെട്ടായിരുന്നിട്ടുപോലും ബാബേൽ ജനത ചിതറിക്കപ്പെട്ടു.
                             ഇന്ന് നമ്മുടെ കുടുംബങ്ങളിലും കുട്ടയ്മകളിലും ഇടവകയിലും ആത്മാവിന്റെ നിറവ് നഷ്ടമാവുമ്പോൾ ബാബേൽ പുനരവതരിപ്പിക്കപ്പെടുന്നു. ഭാഷ മനസ്സിലാവാതെ വരുന്നു. ഹൃദയങ്ങൾ തമ്മിലുള്ള ഐക്യം ഇല്ലാതാകുന്നു. പരിശുദ്ധാത്മാവിന്റെ ആവാസം വരുത്തുന്ന മാറ്റം അത്ഭുതാവഹമാണ്. ഗുരുവിനെ മൂന്നുവട്ടം  തള്ളിപ്പറഞ്ഞവൻ ഗുരുവിനു വേണ്ടി കുരിശിൽ തലകീഴായി മരിക്കുന്നു. അണിപ്പാടുകൾ കാണാതെ വിശ്വസിക്കില്ലെന്നു ശാഠ്യം പിടിച്ചവൻ, തന്റെ നാഥനുവേണ്ടി ഹ്യദയത്തിലേറ്റുവാങ്ങുന്നു. ആ ആത്മാവിനാൽ നിറയാൻ നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ തിന്മകളിൽ നിന്നും ഭയത്തിൽ നിന്നും തഴക്കദോഷങ്ങളിൽ നിന്നും കരകയറാൻ കഴിയാതെ വരുമ്പോൾ ആ ആത്മാവിന്റെ കൃപ നേടാം. അവനായ് ദാഹിക്കാം. എല്ലാവർക്കും പന്തക്കുസ്താ തിരുനാളിന്റെയും ശ്ലീഹാക്കാലത്തിന്റെയും മംഗളങ്ങൾ സ്നേഹപൂർവ്വം ആശംസിക്കുന്നു.

മ്ശംശാന

ആദിമസഭയിൽ ശ്ലീഹന്മാരുടെ സഹായകരായി സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ ശുശ്രൂഷകൾ നിർവ്വഹിക്കാനായി തെരഞ്ഞെടുത്തതിനേക്കുറിച്ച് അപ്പസ്തോല പ്രവർത്തനങ്ങളുടെ ആറാം അദ്ധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്. വിശ്വാസതീക്ഷണതയാൽ ജ്വലിക്കുന്നവരും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരുമായ വ്യക്തികളാണ് ഡീക്കന്മാർ അഥവാ മ്ശംശാനാമാർ. പിൽക്കാലത്ത് സഭയിൽ മുടങ്ങിപ്പോയ ആ പാരമ്പര്യം നൂറ്റാണ്ടുകൾക്കുശേഷം വീണ്ടെടുത്ത ചരിത്രസംഭവമാണ്, 2015 നവംബർ 12-ാം തീയതി കാഞ്ഞിരപ്പള്ളി രൂപാതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ നല്ലതണ്ണി മാർത്തോമ്മാശ്ലീഹാ ദയാറായിലെ അംഗമായ മാളിയംപുരയ്ക്കൽ സെബാസ്റ്റ്യന് 'സ്ഥിരം ഡീക്കൻ' പട്ടം നല്കിയതിലൂടെ അരങ്ങേറിയത്. പൗരസ്ത്യസഭകൾക്കുവേണ്ടി രണ്ടാം വത്തിക്കാൻ കൗൺസിൽ എടുത്ത സുപ്രധാന തീരുമാനങ്ങളിലൊന്നാണ് സ്ഥിരം ഡീക്കൻപദവിയുടെ പുനരുദ്ധാരണം. ദൈവകൃപയാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ സമാപനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഈ വർഷത്തിൽ സീറോ മലബാർ സഭയിൽ ആദ്യമായി സ്ഥിരം  ഡീക്കൻപട്ടം നൽകപ്പെട്ടിരിക്കുന്നു . പുളിങ്കുന്ന് ഇടവകയിലെ പരേതരായ മാളിയംപുരയ്ക്കൽ അവിരാ- മറിയക്കുട്ടി ദമ്പതികളുടെ മകനാണ് നിയുക്ത ഡീക്കൻ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ മാളിയംപുരയ്ക്കൽ. അദ്ദേഹത്തിന് നസ്രാണി മാർഗ്ഗത്തിന്റെ പ്രാർത്ഥനാ മംഗളങ്ങൾ...




മൂന്നാം നാൾ ഞായറാഴ്ച്ച

" ജീവിച്ചിരിക്കുന്നവനെ നിങ്ങൾ മരിച്ചവരുടെയിടയിൽ അന്വേഷിക്കുന്നത് എന്തിന്? അവൻഇവിടെയില്ല! ഉയർപ്പിക്കപ്പെട്ടു" (ലൂക്കാ 24:5)
ഒറ്റുകാരന്റെ ചുബനത്തിനും കാരമുള്ളു കോർത്ത കനൽക്കിരീടത്തിനും വഴിയിൽ ഏറ്റുവാങ്ങിയ നിന്ദാശരങ്ങൾക്കും അതിദുസ്സഹമായ പീഢനങ്ങൾക്കുമെല്ലാം ഒരന്ത്യമുണ്ട്. അത് മൂന്നാം നാളിലെ ഉയിർപ്പാണ്. ഏവർക്കും നസ്രാണി മാർഗ്ഗത്തിന്റെ 
ഉയർപ്പുതിരുന്നാൾ മംഗളങ്ങൾ...!
ഒഴിഞ്ഞ കല്ലറ പ്രത്യാശയുടെ പ്രതീകമാണ്. അത് വാഗ്ദാനം ചെയ്യപ്പെട്ട നിത്യതയുടെ ഓർമ്മിപ്പിക്കൽ കൂടെയാണ്. മരണത്തിലൂടെ ഉറ്റവരെ വേർപിരിയുമ്പോൾ ഇനി നിത്യതയിൽ കണ്ടുമുട്ടാമെന്ന ക്രിസ്തീയ വിശ്വാസത്തിന്റെ കാതൽ ഈ പുനരുത്ഥാനം തന്നെ. ക്രൂശിക്കപ്പെടുമ്പോൾ ഉത്ഥിതന്നിൽ പ്രതീക്ഷയർപ്പിക്കുക എന്ന മഹത്തായ സന്ദേശമാണ് ഈസ്റ്റർ നല്കുന്നത്. സത്യത്തിന്റെ, നന്മയുടെ ഉയർത്തെഴുന്നേൽപ്പ് വൈകിലെന്ന പ്രത്യാശയാണ് നമ്മെ മുന്നോട്ട് നയിക്കേണ്ടത്.
ഈസ്റ്റർ സമാധാനത്തിന്റെ തിരുനാൾ കൂടിയാണ്.ഉയർത്തെഴുന്നേറ്റ മിശിഹായുടെ യഥാർഥവും ശാശ്വതവുമായ സമാധാനം നമ്മുക്ക് സമ്മാനിക്കപ്പെട്ട വലിയ ദിനമാണ് ഉയർപ്പുദിനം. സുവിശേഷത്തിന്റെ ആണിക്കല്ല് മിശിഹായുടെ പുനരുത്ഥാനമാണ്. നമ്മുടെയെല്ലാം ജീവിതത്തിന്റെ അർത്ഥവും ലക്ഷവും ഈ പുനരുത്ഥാനംതന്നെ. അതായത്, ഏത് സങ്കടക്കടലിലും പ്രത്യാശയുടെ ഒരു മുനമ്പ് നിലനില്ക്കുന്നുവെന്ന്. ഏത് കഠിനവേദനയിലും പ്രതീക്ഷകളെല്ലാമസ്തമിച്ച സന്ദർഭങ്ങളിലും ഒരു തിരിച്ചുവരവിന് സാധ്യതയുണ്ടെന്ന്. ഈ പ്രത്യാശയുടെ പുതുക്കലാണ് ഓരോ ഉയർപ്പുതിരുനാളും.
മൂന്നാം നാൾ മ്രത്യുവിന്റെമേൽ വിജയം വരിച്ച് ഉയർത്തെഴുന്നേല്ക്കുമെന്നു വാഗ്ദാനം ചെയ്തവനിൽ വിശ്വാസമർപ്പിക്കാതെ കദനഭാരത്താൽ മനമിടറി നിരാശയുടെ തുരുത്തിലേക്ക്, എമ്മാവൂസിലേക്ക് ഇപ്പോഴും വ്രതാ യാത്ര ചെയ്തുകൊണ്ടിരിക്കുകയാണോ നാം? മരണത്തിന്റെ കൊടിപ്പടം താഴ്തി മനുഷ്യകുലത്തിന്റെ സകലപാപങ്ങളും പോക്കി അവൻ ഉയർത്തെഴുന്നേറ്റിരിക്കുന്നു. അതിനാൽ വരും, പ്രത്യാശയുടെ ജറുസലേമിലേയ്ക്കു മടങ്ങാം.  ഉത്ഥിതനെ പ്രഘോഷിക്കാം.
നമ്മുടെ ഹൃദയങ്ങളുടെ അടച്ചിട്ടിരിക്കുന്ന പാപത്തിന്റെ കല്ലുകളെ നീക്കി ഉത്ഥിതന്റെ പ്രകാശത്തിലേയ്ക്കു കടന്നുവരാൻ കഴിയട്ടെ.  അതിനായി വചനം നമ്മുടെ കണ്ണ് തുറക്കട്ടെ....!

മുൾക്കിരീടമണിഞ്ഞ മൗനം


 കൊല്ലാൻ കൊണ്ടു പോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുൻപിൽ നില്ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവൻ മൗനം പാലിച്ചു. (ഏശയ്യാ 53:7)
ക്രൂശിതന്റെ മൗനം വിധിവാചകം കേട്ട ഒരു കുറ്റവാളിയുടെ നിരാശയും വിദ്വേഷവും നിറഞ്ഞ ക്ഷുഭിതമാനമായിരുന്നില്ല. അത് സ്നേഹത്തിന്റെയും ക്ഷമയുടെയും മഹാകാരുണ്യത്തിന്റെയും മാനമായിരുന്നു. ആ മാനത്തിന്റെ അർത്ഥതലങ്ങൾ ഈ നോമ്പുകാലത്തിൽ നമ്മുടെ ധ്യാനവിഷയമാകേണ്ടതുണ്ട്. രുചിഭേദങ്ങളുടെ വേലിക്കെട്ടുകൾക്കുള്ളിൽ നാവിനെ ബന്ധിച്ചിടുന്ന ഒരു തടവുകാലം മാത്രമാകാതിരിക്കട്ടെ നമ്മുടെ നോമ്പനുഷ്ഠാനം.
                        പ്രാർത്ഥനയും ഉപവാസവും ഒന്നിച്ചു പോകുന്നതാണെന്നും ഒന്നിനെ മറ്റൊന്നിൽ നിന്ന് വേർപെടുത്താൻ സാധ്യമല്ലെന്നും സുറിയാനി സഭാപിതാവായ മാർ അപ്രേം പറയുന്നു. കാനായിൽ വെള്ളം വിഞ്ഞാക്കിയവൻ കല്ലുകളെ അപ്പമാക്കിയില്ല. അങ്ങനെ ഉപവാസത്തിന്റെ ശക്തിയും പ്രാധാന്യവും മിശിഹാ കാണിച്ചു തന്നു. പാപത്തിന്റെ ഫലമായി അത്മാവിനെ ബാധിച്ച രോഗങ്ങൾ നോമ്പും ഉപവാസവും വഴി മാറുന്നു. ഉപവാസം സത്യവും നീതിയും നിറഞ്ഞതായിരിക്കുന്നമെന്നും നോമ്പിനെ എളിമയോടെ സമീപിക്കണമെന്നും യഥാർത്ഥ ഉപവാസം വലിയൊരു നിധി തന്നെയാണെന്നും അപ്രേം പിതാവ് വെളിവാക്കുന്നുണ്ട്. നോമ്പിന്റെ തലേന്ന് പേത്തുർത്ത ആചരിക്കുന്നു. തിരിഞ്ഞുനോട്ടം എന്നാണ് ഈ സുറിയാനി വാക്കിന്റെ അർത്ഥം. ഭൗതികതയുടെ എല്ലാ ഉത്സവങ്ങളോടും വിട പറഞ്ഞുകൊണ്ട് അനുതാപത്തിന്റെയും പ്രാർത്ഥനയുടെയും വലിയ അനുഭവത്തിലേയ്ക്കുള്ള കടന്നുവരവാണ് നോമ്പ് .
                       വിശുദ്ധിയും ചൈതന്യവും നിറഞ്ഞ നല്ല ഒരു നോമ്പനുഭവം നമ്മുടെ ജീവിതത്തിലും ഉണ്ടാകട്ടെ. ആരാധനക്രമത്തിലധിഷ്ഠിതമായ ഒരു നോമ്പാചരണത്തിലൂടെ നമ്മിലെ പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കാം. ഏവർക്കും അനുഗ്രഹദായകമായ ഒരു നോമ്പുകാലം ആശംസിക്കുന്നു.  



ഉദയത്തിനുമുമ്പുള്ള ഉഷ:കാല നക്ഷത്രം...

രക്ഷാകര ചരിത്രത്തിലെ പ്രധാന സംഭവങ്ങളിൽ ഒന്നാണ് മറിയത്തിൻ്റെ ജനനം. അവളിലൂടെയാണല്ലോ രക്ഷകൻ ഭൂജാതനായത്. അതുകൊണ്ടായിരികണം 4-)o നൂറ്റാണ്ടുമുതൽ തന്നെ ഈ ജനനത്തിരുനാൾ പൗരസ്ത്യസഭകളിൽ ആഘോഷിച്ചുതുടങ്ങിയത്. യാക്കോബിൻ്റെ സുവിശേഷം, യാക്കോബിൻ്റെ ചരിത്രം എന്നീ രണ്ടു അപ്രമാണികഗ്രന്ഥങ്ങളാണ് മറിയത്തിൻ്റെ ജനനത്തെക്കുറിച്ച് അറിവ് തരുന്ന പ്രധാന രേഖകൾ. സന്താനസൗഭാഗ്യമില്ലതെ ദു:ഖിതരായിരുന്ന മറിയത്തിൻ്റെ മാതാപിതാക്കളായ യൊവാക്കിം, അന്ന വ്യദ്ധ ദമ്പതികൾക്ക് അനുഗ്രഹമായി നല്കിയതാണു മറിയം. മറിയത്തിൻ്റെ ജനനത്തെക്കുറിച്ച് ഇന്ന് നിലനില്ക്കുന്ന വിശ്വാസം, ദൈവമാത്യത്വമെന്ന അവളുടെ അനന്യസ്ഥാനത്തെയും അവളുടെ സ്വർഗ്ഗപ്രാപ്തിയേയും കുറിച്ചുള്ള വിശ്വാസത്തിൽനിന്നും പഠനത്തിൽനിന്നുമുള്ള ദൈവശാസ്ത്ര നിഗമനങ്ങളാണ്.
സഭയിൽ പൊതുവായി വിശുദ്ധരുടെ ജനനതിരുനാൾ ആചരിക്കുന്നില്ല. വിശുദ്ധരുടെ മരണ ദിവസമാണ് ആചരിക്കുന്നത്. അന്നാണല്ലോ അവർ മിശിഹായുടെ മഹത്വത്തിൽ പരിപൂർണ്ണമായി പങ്കുകരായി സ്വർഗ്ഗത്തിൽ ജനിക്കുന്നത്. വിശുദ്ധരാരും വിശുദ്ധരായി ജനിക്കുന്നില്ല. അവർ വിശുദ്ധരായി മരിക്കുകയാണ് ചെയ്യുന്നത്. ഈ ചിന്താഗതികളിൽ നിന്നും വ്യത്യസ്തമായാണു ദൈവപുത്രനായ മിശിഹായുടെയും (ഡിസംബർ 25) കന്യാമറിയത്തിൻ്റെയും (സെപ്റ്റംബർ 8 ) സ്നാപകയോഹനാൻ്റെയും (ജൂൺ 24) ജനനതിരുന്നാൾ ആഘോഷിച്ചുവരുന്നത്.
ദൈവകൃപ കൂടാതെ രക്ഷയുടെ പാതയിലേക്കു തിരിച്ചു വരുവാൻ സാധ്യമല്ലാത്ത വിധം മനുഷ്യവംശം പാപത്തിൽ നിപതിച്ചിരുന്നു. അതിൻ്റെ വേദനയിൽ ജനം ഇങ്ങനെ പ്രാർത്ഥിച്ചു, "ആകാശങ്ങളെ രക്ഷകനെ പൊഴിക്കുക, സൈന്യങ്ങളുടെ ദൈവമായ കർത്താവെ നിൻ്റെ മുഖം കാണിക്കുക." ദൈവം ജനത്തിൻ്റെ വേദന നിറഞ്ഞ രോദനം കേട്ടു. അതിനുത്തരമായി ദൈവപുത്രനു ജന്മം കൊടുക്കുവാൻ ദൈവം ഒരാളെ തിരഞ്ഞെടുത്തു. ഉദയത്തിനുമുമ്പുള്ള ഉഷ:കാല നക്ഷത്രംപോലെ, അമലോദ്ഭവമായി മറിയം ജനിക്കുവാൻ ഇടയായി. സമലംകൃതയായ മറിയം പുണ്യശ്ലോകരും ദൈവത്തിൻ്റെ ദൃഷ്ടിയിൽ ഏറ്റവും പ്രിയപ്പെട്ടവരുമായിരുന്ന യൊവാക്കീമിൻ്റെയും അന്നയുടെയും പുത്രിയായി ജനിച്ചു. അവൾ ' തീർത്തും അഴകുള്ളവളും' (ജറമിയ) സ്യഷ്ടാവിനെ പ്പോലെ "വിമലയും അമലയുമായിരുന്നു" (എഫ്രേം).

മാർ തോമ്മാ സ്ലീവാ

മെശിയാനിക വിശ്വാസത്തിൻ്റെയും ജീവിതത്തിൻ്റെയും നിർണ്ണായകവും മാനദണ്ഡാത്മകവുമായ കാലഘട്ടമായി കത്തോലിക്ക സഭ നിശ്ചയിച്ചിരിക്കുന്ന ഒൻപതാം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ മിശിഹായുടെ ആൾരൂപമില്ലാത്ത സ്ലീവായാണ് പാശ്ചാത്യ പൗരസ്ത്യ സഭകളിൽ വണങ്ങപെട്ടിരുന്നത്. ശൂന്യമായ ഖബറിടം പോലെതന്നെ ശൂന്യമായ സ്ലീവായും മിശിഹായുടെ ഉത്ഥാനത്തിൻ്റെ പ്രതീകമായി എല്ലാ സഭകളും പ്രഘോഷിച്ചിരുന്നു.
    പാരമ്പര്യം: മാർ തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വാവസരത്തിൽ, അദ്ദേഹത്തിൻ്റെ രക്തം വീണു നനഞ്ഞതെന്നു വിശ്വസിക്കപ്പെടുന്ന കരിങ്കൽ പാറമേൽ പിൽക്കാലത്തു കൊത്തിയുണ്ടാക്കിയിട്ടുള്ളതാണ് മാർ തോമായുടെ മാർഗ്ഗത്തിൻ്റെ ഈ പ്രത്യേക പ്രതീകം. ഏഴാം നൂറ്റാണ്ടിലാണിതു ( 650-നടുത്തു ) കൊത്തപ്പെട്ടതെന്ന് ആധുനിക പണ്ഡിതന്മാർ ശാസ്ത്രീയ പരീക്ഷണങ്ങളുടെ വെളിച്ചത്തിൽ സാക്ഷ്യപെടുത്തുന്നു. സ്ലീവായുടെ ചുറ്റുമുള്ള സസാനിയൻ - പാഹ്ലവി ലിഖിതം കൃത്യമായി വായിച്ചെടുക്കാൻ ഇതുവരെ കഴിഞ്ഞട്ടില്ല.
    പ്രതീകാത്മകത: ഈശോമിശിഹായുടെ മരണോത്ഥാനങ്ങളുടെ മിഴിവുറ്റ പ്രതീകമാണു മാർ തോമാ സ്ലീവാ. മാത്രമല്ല, വിശ്വാസികളുടെ ഈശോമയ ജീവിത പൂർണതയുടേയും. മാർ തോമാ നസ്രാണികളുടെ സജീവ വിശ്വാസത്തിൻ്റെ മിഴിവുറ്റ ചരിത്രയാഥാർത്ഥ്യമാണ് മാർ തോമാ സ്ലീവാ.
     ശൂന്യമായ സ്ലീവാ: മിശിഹായുടെ ആൾരൂപമില്ലാത്ത മാർ തോമാ സ്ലീവാ, ശൂന്യമായ കല്ലറപോലെതന്നെ അവിടുത്തെ ഉത്ഥാനത്തിൻ്റെ പ്രതീകമാണ്.
     വിടരുന്ന മൊട്ട്: മൊട്ട് പുതുജീവൻ്റെ അടയാളമാണല്ലോ. മിശിഹായുടെ ഉത്ഥാനം വഴിയാണ് മാനവവംശത്തിന് യഥാർത്ഥത്തിലുള്ള പുതുജീവൻ ലഭിച്ചത്.
     പറന്നിറങ്ങുന്ന പ്രാവ്: മാർ തോമാ സ്ലീവായിലേക്കു പറന്നിറങ്ങുന്ന റൂഹാദഖുദിശായും മിശിഹായുടെ തിരുമുത്ഥാനത്തെ പ്രഘോഷണം ചെയ്യുന്നു. മാർ പൗലോസ് ശ്ലീഹാ പഠിപ്പിക്കുന്നതുപോലെ, റൂഹാദഖുദിശായാണു മൃതനായ മിശിഹായെ ഉയിർപ്പിക്കുന്നത് (റോമാ 8,11). മിശിഹായുടെ മാംസളശരീരം അരൂപിക്കടുത്ത ശരീരമായി റൂഹാദഖുദിശാ മാറ്റുന്നു.
         താമരയിൽ: സ്ലീവാ ഉയർത്തപ്പെട്ടിരിക്കുന്നത് താമരയിലാണ്. അങ്ങനെ, താമരയിൽ ഉയർത്തപ്പെട്ട സ്ലീവാ, ഭാരതത്തിൽ സ്വീകരിക്കപ്പെട്ട അഥവാ ഉറപ്പിക്കപ്പെട്ട ഉത്ഥിതനായ മിശിഹായുടെ പ്രതീകമായി നിലകൊള്ളുന്നു.
                മൂന്നു പടികൾ: ഈ പ്രതീകം ഗാഗുൽത്തായെ സൂചിപ്പിക്കുന്നു.
        ഉപസംഹാരം: മാർ പൗലോസ് ശ്ലീഹായുടെ ഉത്ഥാനദൈവശാസ്ത്രത്തിൻ്റെ, അതായത്, ഈശോമിശിഹാ പൂർത്തിയാക്കിയ രക്ഷാകർമ്മത്തെയും, അതിൻ്റെ മകുടവും മെശയാനിക വിശ്വാസത്തിൻ്റെ ഉറവിടവുമായ അവിടുത്തെ ഉയിർപ്പിനെയും, മെശയാനീകരുടെ ജീവിതപൂർണ്ണതയെയും കുറിച്ചുള്ള ശ്ലൈഹിക വീക്ഷണത്തിൻ്റെ, ഭാരതീയ സാംസ്കാരിക പശ്ചാത്തലത്തിലുള്ള ഏറ്റവും വിശിഷ്ടമായ പ്രതീകമാണ് മാർ തോമ്മാസ്ലീവാ.
                ചെന്നൈയിലുള്ള പെരിയ മലയിലെ പള്ളിയുടെ കിഴക്കെ ഭിത്തിയിൽ പ്രഥാന ബലിപീഠത്തിനു മുകളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ മാർ തോമാ സ്ലീവാ, ശാസ്ത്രീയമായ വിലയിരുത്തലിൽ അതിപുരാതനമായ കരിങ്കല്ലിൽ മിശിഹാക്കാലം 650-നടുത്ത് കൊത്തിയിട്ടുള്ളതാണ്.
                     (തിരുനാൾ: ഡിസംബർ 18 )

സെന്റ് ആന്റണീസ് ദൈവാലയം, തരകനാട്ടുകുന്ന്, ചേനപ്പാടി

"കാഞ്ഞിരപ്പള്ളി രൂപതയിൽ ഉൾപ്പെട്ട ചേനപ്പാടിയിൽ അതിമനോഹരമായ ഒരു ദൈവാലയം നിർമ്മിച്ചിരിക്കുന്നു. നമ്മുടെ സുറിയാനി പാരമ്പര്യത്തിൽ നിന്നും പൂർണ്ണമായി ഉത്തേജനം സ്വീകരിച്ച് സമകാലിക ആവശ്യങ്ങളുമായി സമന്വയിപ്പിച്ച് അത്യധികം സുന്ദരവും ആകർഷണീയവുമായ ഒരു ദൈവാലയമാണ് ഇത്. വാസ്തവത്തിൽ ഇത് വിശിഷ്ടമായ ഒരു ദൈവാലയം എന്നതോടൊപ്പം ശില്പകലയ്ക്കു തന്നെ ഒരു സംഭാവനയാണ്."
                 - റവ.ഫാ.ഡോ.ജോൺ വട്ടങ്കിയിൽ എസ്.ജെ

പരിശുദ്ധ മദ്ബഹാ


കിഴക്ക് പടിഞ്ഞാറായി നിർമ്മിച്ചിരിക്കുന്ന ദൈവാലയത്തിൻ്റെ കിഴക്കേഅറ്റത്താണ് മദ്ബഹായുടെ സ്ഥാനം. ഉദയസൂര്യൻ്റെ പ്രകാശക്കതിർ മദ്ബഹായിൽ പതിക്കത്തക്കവിധമാണ് അതിൻ്റെ സംവിധാനം. മിശിഹായാണ് ഉദയസൂര്യൻ. ദൈവത്തിൻ്റെ മഹത്വപൂർണ്ണമായ സാന്നിധ്യംകൊണ്ടും സ്വർഗ്ഗീയ ഗണങ്ങൾ അനവരതം ഉയർത്തുന്ന ദൈവസ്തുതികൾ കൊണ്ടും നിറങ്ങിരിക്കുന്ന സ്വർഗ്ഗത്തിൻ്റെ അനുഭൂതി മദ്ബഹാ പ്രദാനം ചെയ്യുന്നു. സ്വർഗ്ഗത്തിലേയ്ക്ക് എന്നതുപോലെയാണ് ആരാധനാ സമൂഹം മദ്ബഹായിലെയ്ക്ക് ദൃഷ്ടി ഉയർത്തി പ്രാർത്ഥിക്കേണ്ടത്

മാർത്തോമ്മാശ്ലീഹാ ആശ്രമം

പൗരസ്ത്യകത്തോലിക്കാസഭയായ സീറോമലബാർ സഭയിൽ പുരുഷന്മാർക്കു വേണ്ടി ഇദംപ്രഥമായി സ്ഥാപിതമായ ആശ്രമമാണിത്. സമുദ്രനിരപ്പിൽ നിന്ന് മൂവായിരം അടി മുകളിൽ അറബിക്കടലിനഭിമുഖമായി ഉയർന്നുനില്ക്കുന്ന ഈ ആശ്രമത്തിൻ്റെ പശ്ചാത്തലം ഏകാന്തതയ്ക്കും ഏകാഗ്രതയ്ക്കും പഠനത്തിനും പ്രാർത്ഥനയ്ക്കും അനുകൂല സാഹചര്യം സൃഷ്ടിക്കുന്നു. പൗരസ്ത്യവും ഭാരതീയവുമായ ലാളിത്യശൈലിയാണ് ആശ്രമജീവിതം. സസ്യഭക്ഷണമാണ് ആശ്രമത്തിലേത്. കാഞ്ഞിരപ്പള്ളി രൂപതയിലെ നല്ലതണ്ണിയിലാണ് ഈ ആശ്രമം സ്ഥിതിചെയ്യുന്നത്. കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ മാത്യു വട്ടക്കുഴിയുടെ ഔദ്യോഗിക അംഗീകാരത്തോടെ ബഹു. ഡോ. സേവ്യർ കൂടപ്പുഴ അച്ചൻ ആരംഭിച്ചതാണ് ഈ ആശ്രമം. മാർത്തോമ്മാക്രിസ്ത്യാനികളുടെ തനിമയാർന്ന ആദ്ധ്യാത്മിക പൈതൃകം വളർത്തുകയാണ് ഈ ആശ്രമപ്രസ്ഥാനത്തിൻ്റെ ഏക ലക്ഷ്യം.