വെൺപ്രാവായ് പറന്നിറങ്ങണമേ


അത്യുന്നതങ്ങളിൽ നിന്ന് ഒരു പ്രാവ് പറന്നിറങ്ങി. അരിയിൽ തോൽവാറു ചുറ്റിയ അവധൂതന്റെ മുന്നിൽ വിനയത്തോടെ തലകുമ്പിട്ടുനിന്ന ഒരു മുപ്പതുകാരൻ യുവാവിന്റെമേൽ.... മൂന്നു വർഷങ്ങൾക്കുശേഷം ഒരു ദു:ഖസന്ധ്യയിൽ ആകാശചെരുവിൽ നിന്ന് തീനാവുകൾ പെയ്തിറങ്ങി. അടച്ചിട്ട മുറിയിൽ പ്രാർത്ഥിച്ചിരുന്ന ഒരമ്മയുടെയും പന്ത്രണ്ടു ദുർബല മാനസരുടെയും മേൽ... ആ മുപ്പതുകാരൻ യുവാവ് പിന്നെ മനഷ്യകുലത്തിന്റെ പാപങ്ങൾ പോക്കുന്നവനായി. ആ പന്ത്രണ്ടുപേർ നാഥന്റെ സുവിശേഷം ലോകമെങ്ങും സധൈര്യം പ്രഘോഷിക്കുന്നവരായി. അഗ്നിജ്വാലകളുടെ രൂപത്തിൽ പരിശുദ്ധാത്മാവ് പറന്നിറങ്ങുമ്പോൾ മാറ്റപ്പെടുന്നത് കാഴ്ച്ചകളല്ല. കാഴ്ചപ്പാടുകളാണ്. എല്ലാവർക്കും പന്തക്കുസ്താ തിരുനാൾ മംഗളങ്ങൾ... പരിശുദ്ധാത്മാവ് ശക്തിപ്പെടുത്തുന്ന, സഹായിക്കുന്ന ആത്മാവാണ്. തെളിവാർന്ന ബോധ്യങ്ങൾ സമ്മാനിക്കുന്ന, സത്യത്തിന്റെ വഴിയിലൂടെ മുന്നോട്ടു പോകാൻ പ്രേരണ നല്കുന്ന സംരക്ഷകനാണ് പരിശുദ്ധാത്മാവ്. സാവൂളിനെ പൗലോസാക്കിയതും ദുശ്ചരിനായ അഗസ്റ്റിനെ വിശുദ്ധ ആഗസ്തീനോസാക്കിയതും പരിശുദ്ധാത്മാവ് തന്നെ.
                              ആത്മാവ് ഉള്ളിൽ നിറയുന്നോൾ അജ്ഞത മാറുന്നു. അന്ധകാരമകലുന്നു. സംശയങ്ങൾ ഇല്ലാതാവുന്നു. എല്ലാവർക്കും എല്ലാം മനസ്സിലാകുന്നു. പന്തക്കുസ്താനാളിൽ ശ്ലീഹന്മാർ താന്താങ്ങളുടെ ഭാഷയിൽ സംസാരിക്കുന്നതുകേട്ട് ജനങ്ങൾ വിസ്മയഭരിതരായി. അതേസമയം ഒറ്റക്കെട്ടായിരുന്നിട്ടുപോലും ബാബേൽ ജനത ചിതറിക്കപ്പെട്ടു.
                             ഇന്ന് നമ്മുടെ കുടുംബങ്ങളിലും കുട്ടയ്മകളിലും ഇടവകയിലും ആത്മാവിന്റെ നിറവ് നഷ്ടമാവുമ്പോൾ ബാബേൽ പുനരവതരിപ്പിക്കപ്പെടുന്നു. ഭാഷ മനസ്സിലാവാതെ വരുന്നു. ഹൃദയങ്ങൾ തമ്മിലുള്ള ഐക്യം ഇല്ലാതാകുന്നു. പരിശുദ്ധാത്മാവിന്റെ ആവാസം വരുത്തുന്ന മാറ്റം അത്ഭുതാവഹമാണ്. ഗുരുവിനെ മൂന്നുവട്ടം  തള്ളിപ്പറഞ്ഞവൻ ഗുരുവിനു വേണ്ടി കുരിശിൽ തലകീഴായി മരിക്കുന്നു. അണിപ്പാടുകൾ കാണാതെ വിശ്വസിക്കില്ലെന്നു ശാഠ്യം പിടിച്ചവൻ, തന്റെ നാഥനുവേണ്ടി ഹ്യദയത്തിലേറ്റുവാങ്ങുന്നു. ആ ആത്മാവിനാൽ നിറയാൻ നമുക്ക് പ്രാർത്ഥിക്കാം. നമ്മുടെ തിന്മകളിൽ നിന്നും ഭയത്തിൽ നിന്നും തഴക്കദോഷങ്ങളിൽ നിന്നും കരകയറാൻ കഴിയാതെ വരുമ്പോൾ ആ ആത്മാവിന്റെ കൃപ നേടാം. അവനായ് ദാഹിക്കാം. എല്ലാവർക്കും പന്തക്കുസ്താ തിരുനാളിന്റെയും ശ്ലീഹാക്കാലത്തിന്റെയും മംഗളങ്ങൾ സ്നേഹപൂർവ്വം ആശംസിക്കുന്നു.