വിശുദ്ധഗ്രന്ഥം: "പ്ശീത്താ"

പൗരസ്ത്യസഭയുടെ ആധികാരികമായ ബൈബിളാണ് സുറിയാനി ഭാഷയിൽ വിരചിതമായ പ്ശീത്താ. 'സരളമായ', 'വ്യക്തമായ' എന്നൊക്കെ ആ പദത്തിന് അർത്ഥം പറയാം. പ്ശീത്തായുടെ പ്രാധാന്യവും സവിശേഷതയും വ്യക്തമാകണമെങ്കിൽ ചില ചരിത്ര വസ്തുതകൾ കൂടി അറിഞ്ഞേ പറ്റൂ. അവ സംക്ഷിപ്തമായി അവത രിപ്പിക്കാം. പൊതുവേ സ്വീകാര്യമായ അഭിപ്രായങ്ങൾ മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്.


സുറിയാനി, ലോകത്തിലെ ഏറ്റവും പ്രാചീനമായ സെമിറ്റിക് ഭാഷാ ഗോത്രത്തിൽപ്പെടുന്നു. ബി. സി മൂന്നാം സഹസ്രാബ്ദത്തോടെ അതിന്റെ ചരിത്രം ആരംഭിക്കുന്നു. ഗ്രാമ്യപദോല്പത്തിശാസ്ത്രമനുസരിച്ച് സെമിറ്റിക് എന്ന വാക്ക് നോഹിന്റെ അനുഗ്രഹിക്കപ്പെട്ട പുത്രനായ ശേമിൽനിന്നു ഉദ്ഭവിക്കുന്നതാണ്. ആ പൂർവ്വ പിതവിന്റെ സന്താനപരമ്പരകളുടെ ഭാഷയാണത്. (സൃഷ്ടി 10:21-31).


സെമിറ്റിക് ഭാഷകളെ ഇപ്രകാരം തരം തിരിക്കാം.

പുരാതന മെസപ്പൊട്ടാമിയായിലെ ജനങ്ങളുടെ ഭാഷയായ അക്കാഡിയനും (AKKADIAN). എബ്ലാ എന്ന സിറിയൻ നഗരത്തിലെ ഭാഷയായ എബ്ലയിറ്റും (Eblaite) ആണ് പൗരസ്ത്യസെമിറ്റിക് ഭാഷകൾ. മറ്റുള്ളവയെല്ലാം പാശ്ചാത്യസെമിറ്റിക് ഭാഷകൾ എന്നറിയപ്പെടുന്നു. ദക്ഷിണ സെമിറ്റിക്, മദ്ധ്യസെമിറ്റിക്, മദ്ധ്യസെമറ്റിക്ക് എന്ന് അവയെ തരം തിരിക്കാം. ആദ്യത്തേതിൽ ദക്ഷിണ അറബിയും (South Arabian) എത്യോപ്യൻ ഭാഷയും ഉൾപ്പെടുന്നു.


സെമിറ്റിക്കിൽ ക്ലാസിക്കൽ അറബിയും (Classical Arabian) ആമോറൈറ്റ് (Amerito), ഉഗറിറ്റിക് (Ugartic), കാനനൈറ്റ് (Canaanite), അറമായിക് (Aramaic), എന്നിവയടങ്ങുന്ന സീറോ പലസ്തീനനാ ഭാഷയും പെടുന്നു. സിറോ പലസ്തീനാഭാഷയ്ക്ക് ഉത്തരപാശ്ചാത്യ സെമിറ്റിക് എന്നും സംജ്ഞ നൽകാറുണ്ട്. ഇതിന്റെ ഒരു ഉപവിഭാഗമായ കാനനൈറ്റു ഭാഷയ്ക്ക് അഞ്ച് ഉപവിഭാഗങ്ങളുണ്ട്. ഫിനീഷ്യൻ (Phoenician), ഹീബ്രു (എബ്രായ) (Hebrew) മൊആബൈറ്റ് (Moabite), അമോനൈറ്റ് (Ammonite), ഏദോമെറ്റ് (Edomite). പഴയനിയമത്തിൽ പരാമർശിക്കുന്ന ബീബ്ലോസ് (Bibles), ടൈർ (Tyre), സീദോൻ (Sidon) തുടങ്ങിയ നഗരങ്ങളിലെ ഭാഷയായിരുന്നു ഫിനീഷ്യൻ. മൊആബുകാരെയും അമ്മോൻക്കാരെയും ഏദോകാരെയും കുറിച്ചുള്ള പഴയനിയമവിവരണങ്ങൾ നമുക്കു സുപരിചിതമാണല്ലോ.

പഴയനിയമഗ്രന്ഥരചനയ്ക്കുപയോഗിച്ച് ഭാഷകളാണ് ഹീബുവും അറമായിക്കും. കാനാൻ ദേശത്തെ പ്രധാന ഭാഷയായിരുന്നു ഹീബ്രു. ബി. സി. പത്താം ശതകത്തിൽ സ്ഥാപിതമായ ഹീബ്രുശിലാലിഖിതങ്ങൾ നമുക്കു ലഭിച്ചിട്ടുണ്ട്. പഴയനിയമത്തിലെ കാവ്യരൂപത്തിലുള്ള ചില ഭാഗങ്ങൾക്ക് ബി. സി. പന്ത്രണ്ടാം നൂറ്റാണ്ടോളം പഴക്കമുണ്ടെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ബൈബിളിലെ ഹീബ്രുഭാഷയെ മൂന്നായി തരം തിരിക്കാം. ചില കാവ്യഭാഗങ്ങളിലെ ഭാഷയെ പുരാതന ഹീബ്രു (Archaic Hebrew) എന്നു പറയുന്നു. രാജ വാഴ്ചക്കാലം മുതൽ വിപ്രവാസം വരെയുള്ള കാലത്ത് (B. C. 1020-587) വിരചിതമായ കൃതികളിലെ ഭാഷ ക്ലാസിക്കൽ (Classical) ഹീബ്രു എന്നറിയപ്പെടുന്നു. വിപ്രവാസശേഷം വിരചിതമായ പഴയനിയമഭാഗങ്ങളിലെ ഭാഷയ്ക്ക് പിൽക്കാല ക്ലാസിക്കൽ ഹീബ്രു (Later Classical Hebrew) എന്നുപേർ. പിൽക്കാലത്ത് ഹീബ്രുഭാഷ നാമാവശേഷമായി. തൽസ്ഥാനം അറമായിക് ഭാഷ കൈവശപ്പെടുത്തി.


അറമായിക് ഭാഷ പൗരസ്ത്യാരാധനക്രമത്തിൽ പെട്ടവർക്ക് സുപ്രധാനമാണ്. അറമായിക് എന്ന പദത്തിന്റെ ഉദ്ഭവം നോഹിന്റെ പുത്രനായ ശേമിന്റെ പുത്രൻ ആറാമിൽ നിന്നാണെന്നു കരുതപ്പെടുന്നു (സൃഷ്ടി10:22-23; ദിനവൃത്താന്തം. 1:17). ശേം അനുഗ്രഹത്തിന്റെ തനയനാണല്ലോ. ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട അനുഗ ഹീതജനം സംസാരിച്ചിരുന്നഭാഷയായി അറമായിക്കിനെക്കരുതുന്നതിൽ തെറ്റില്ല. ഉത്തരസിറിയായിലെ അറമായക്കാരിൽ നിന്നാണു ഇതിന്റെ ഉത്ഭവം. അബ്രാഹത്തിന്റെ പൂർവ്വികർ അവരായിരുന്നു എന്നാണു പണ്ഡിതാഭിപ്രായം. (സൃഷ്ടി 28:2-5; നിയമാ. 26:5). ബി. സി. ഒമ്പതാം ശതകത്തിൽ അറമായിക് സംസാരഭാഷയായിത്തീർന്നിരുന്നുവെന്ന് അനുമാനിക്കാം. അസീറിയാക്കാർ അറമായ കീഴടക്കിയപ്പോൾ ആ ഭാഷ മെസപ്പൊട്ടാമിയാ സാമ്രാജ്യത്തിലെ ഔദ്യോഗിക ഭാഷയായിത്തീർന്നു. ബി. സി. 6-4 നൂറ്റാണ്ടുകളിൽ നിലവിൽ വന്ന പേർഷ്യൻ സാമ്രാജ്യ ത്തിലെയും ഔദ്യോഗികഭാഷ അറമായിക്കായിരുന്നു.


ആറാം എന്ന പദം ശേമിന്റെ പുത്രനെ മാത്രമല്ല സൂചിപ്പിക്കുന്നത്. അത് ദക്ഷിണസുറിയായിലെ ഒരു സ്ഥലനാമവുമാണ്. ബി.സി. 11-8 ശതകങ്ങളിൽ പ്രസിദ്ധിയാർജ്ജിച്ച ഈ ആറാമിന്റെ തലസ്ഥാന നഗരം ദർമസോഖ് (ഡമാസ്കസ്) ആയിരുന്നു. ആറാം ഇങ്ങനെ സുറിയായുമായി ബന്ധപ്പെട്ടിരിക്കുന്നു. സുറിയാനി എന്നപദം സുറിയായിൽ നിന്ന് ഉത്ഭവിക്കുന്നതാണല്ലോ.


കൽദായ എന്ന സംജ്ഞയെക്കുറിച്ചും ഈയവസരത്തിൽ പറയേണ്ടതുണ്ട്. ദക്ഷിണമെസപ്പൊട്ടാമിയായെ അഥവാ ബാബേലിനെക്കുറിക്കുന്ന ബൈബിൾ നാമമാണ് കൽദായ. അബ്രാഹത്തിന്റെ സഹോദരനായ ഹാറാം മൃതിയടഞ്ഞ ഊർനഗരവുമായി ബന്ധപ്പെട്ടതാണത്. അബ്രാഹം അവിടെ നിന്നാണ് ഹാറാനിലേക്കും പിന്നീട് കാനാനിലേക്കും പുറപ്പെട്ടത്. (സൃഷ്ടി 11:28, 31; 15:7 ; നട. 7:4). കൽദായദേശത്താണല്ലോ ഇസ്രായേൽജനം വിപ്രവാസത്തിൽ കഴിഞ്ഞത്. അവിടെ വച്ച് അവർ കൽദായഭാഷയും സംസ്കാരവുമായി ബന്ധപ്പെട്ടു (ദാനി. 1:4). ഇപ്രകാരം ആറാമിന്റെ സന്തതികൾ കൽദായദേശത്ത് നിവസിച്ചതുമൂലമായിരിക്കാം അറമായ ഭാഷയ്ക്ക് കൽദായഭാഷ എന്നു പേരുകിട്ടിയത്. ചുരുക്കത്തിൽ സുറിയാനി, അറമായ, കൽദായ എന്നീ പദങ്ങൾ ഒരേ ഭാഷയ്ക്ക് പറഞ്ഞിരുന്ന പേരുകളാണെന്ന് വിചാരിക്കാം.


ബി. സി. മൂന്നാം ശതകത്തിൽ അറമായിക് ഭാഷ മൂന്നു ശാഖകളായിത്തിരിഞ്ഞു. പാശ്ചാത്യ അറമായിക് പൗരസ്ത്യ അറമായിക്, സുറിയാനി. പാശ്ചാത്യഅറമായിക്കിനെ ഗെലിലേയാ അറമായിക്ക് അഥവാ യഹൂദ അറമായിക്, യൂദയാ അഥവാ ക്രിസ്തീയ പലസ്തീനായിലെ അറമായിക് (ഇത് സീറോ പലസ്തീനാ അഥവാ പലസ്തീനാ സുറിയാനി എന്നും അറിയപ്പെടുന്നു.) ശമ്രായ അറമായിക് എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. പൗരസ്ത്യ അറമായിക്കിൽപ്പെടുന്നതാണ് ബാബിലോണിയൻ അറമായിക്കും, മാന്റേയൻ (Mandaean) അറമായിക്കും. പാശ്ചാത്യവും പൗരസ്ത്യവുമായ അറമായിക് ഭാഷകളുടെ സവിശേഷതകളുൾക്കൊള്ളുന്നതാണ് സുറിയാനിഭാഷ. എ. ഡി. 4 മുതൽ 13 വരെ ശതകങ്ങളിൽ നിർമ്മിതമായ പൗരസ്ത്യ ക്രിസ്തീയ സാഹിത്യഗ്രന്ഥങ്ങളിൽ ഭൂരിഭാഗവും ഈ സുറിയാനിഭാഷയിലാണു വിരചിതമായിരിക്കുന്നത്. എന്നാൽ എ. ഡി. ഏഴാം നൂറ്റാണ്ടിൽ ഇസ്ലാംമതം പ്രചരിച്ചു തുടങ്ങിയതോടെ സുറിയാനി എന്ന സംസാരഭാഷ ക്ഷയിക്കാൻ തുടങ്ങി.


വിശുദ്ധഗ്രന്ഥത്തിന്റെ ഏതുഭാഷാവിവർത്തനത്തിലും പഴയനിയമത്തിലാകട്ടെ പുതിയനിയമത്തിലാകട്ടെ, അറമായിക് ഭാഷയുടെ സ്വാധീനം സ്പഷ്ടമാണ്. ദാനിയേൽ, അസ്രാ, ഏറമ്യാ ഇവ നോക്കുക. അതുപോലെ തന്നെ പുതിയനിയമവും ഏതുഭാഷയിലേതെടുത്തുനോക്കിയാലും  മർക്കൊ. 5:41, “മാറൻ എസ്സാ" വെളി. 22:20, "ഗാഗുൽത്താ" മർക്കൊ. 15:22, ഏൽ, “ഏൽ, ല്മാന ശ്വക്ത്താൻ "മർക്കോ 5:41 തുടങ്ങി അനേകം അറമായിക് പ്രയോഗങ്ങൾ കാണാവുന്നതാണ്. ഈശോയും തന്റെ ശിഷ്യന്മാരും സംസാരിച്ചിരുന്ന ഭാഷ അറമായിക്ക്(സുറിയാനി) ആയിരുന്നല്ലോ. മത്തായി സുവിശേഷം എഴുതിയത് അറമായിക്കിൽ ആയിരുന്നു. ഇങ്ങനെ സുവിശേഷങ്ങളിലും ശ്ലീഹന്മാരുടെ നടപടിയിലും എല്ലാം സ്വാധീനം വ്യക്തമായി കാണാം.

"പ്ശീത്താ,' ബൈബിളിന്റെ സുറിയാനി വിവർത്തനമാണല്ലോ. പഴയനിയമം, അറമായിക്കിലുള്ളവയൊഴിച്ചുള്ള ഭാഗങ്ങൾ, ഹീബ്രുവിൽ നിന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഏതുകാലത്താണ് പരിഭാഷ നടന്നതെന്നു കൃത്യമായി നിർണ്ണയിക്കാൻ പ്രയാസമാണ്. പലകാലങ്ങളിലായി വിവർത്തനം നടന്നു എന്ന് ഊഹിക്കാം. ഏ. ഡി. ഒന്നും രണ്ടും നൂറ്റാണ്ടുകളിൽ മിക്ക പുസ്തകങ്ങളും സുറിയാനിയിലേക്കു വിവർത്തനം ചെയ്യപ്പെട്ടുകഴിഞ്ഞു.


ബാബേൽ വിപ്രവാസത്തിൽനിന്നു തിരിച്ചെത്തിയ ഇസ്രായേൽ ജനതയ്ക്ക് പഴയനിയമത്തിന്റെ മൂലഭാഷയായ ഹീബ്രു സുഗ്രഹമല്ലാതായിത്തീർന്നു. അറമായിക് ആയിരുന്നുവല്ലോ അക്കാലത്ത് അവരുടെ സംസാരഭാഷ. തന്മൂലം സാധാരണ ജനങ്ങളുടെ ഉപയോഗത്തിനായി അറമായിക് വിവർത്തനം ആവശ്യമായിത്തീർന്നു. ഇതിൻ പ്രകാരം തർഗും,പ്ശീത്താവിവർത്തനങ്ങൾ എന്നിവ നിലവിൽ വന്നു. തർഗും കൃതിയുടെ പ്രത്യേകത അത് പദാനുപദ വിവർത്തനം അല്ലെന്നുള്ളതാണ്. പരാവർത്തനമെന്നോ വ്യാഖ്യാനമെന്നോ അതിനെ വിശേഷിപ്പിക്കാം. പ്ശീത്താ വിവർത്തനത്തിന് തർഗും പരിഭാഷയുമായി ബന്ധമുണ്ടെങ്കിലും അത് പരാവർത്തനമോ പ്രബോധ നാത്മകമായ വ്യാഖ്യാനമോ അല്ല. സാമാന്യജനങ്ങൾക്ക് ബൈബിളിന്റെ അർത്ഥം സുഗ്രഹമാക്കുവാനുള്ളയത്നമാണ് പശീത്താ. ആ വാക്കിന്റെ തന്നെ അർത്ഥം വ്യക്തം. സരളം എന്നൊക്കെയാണല്ലോ. സാധാരണജനങ്ങൾക്ക് ദുർഗ്രഹവും അവ്യക്തവുമായ പ്രയോഗങ്ങളും വാക്യങ്ങളും സുഗ്രഹവും സരളവും ആക്കിത്തീർക്കാനുള്ള പരിശ്രമം എന്ന നിലയിൽ പ്രശീത്താ വളരെയേറെ പ്രാധാന്യമർഹിക്കുന്നു. മാത്രമല്ല ഈശോമിശിഹായുടെ കാലത്ത് ദൈവനിവിഷ്ടരായ മനുഷ്യർ ദൈവവചനം എപ്രകാരം മനസ്സിലാക്കി എന്നതിന്റെ സജീവസാക്ഷ്യമാണു പ്ശീത്താ, മാംസം ധരിച്ച വചനമായ ഈശോയുടെ കാലഘട്ടവുമായി അതുബന്ധിച്ചിരിക്കുന്നു എന്നതാണു പ്ശീത്തായുടെ പ്രാധാന്യം. ദൈവപുത്രൻ പ്ശീത്താ വിവർത്തനമാണു ബാല്യകാലത്തിൽ പഠിച്ചത്. അതിൽനിന്നാണ് തന്റെ പ്രബോധനങ്ങളിലെല്ലാം അവൻ ഉദ്ധരിക്കുന്നത്. പ്ശീത്തായുടെ അർത്ഥമായ സാരള്യവും വ്യക്തതയും ഈശോ ദൈവവചനത്തിനു നൽകി. താൻ തന്നെ പ്ശീത്താ ആയിത്തീർന്നു എന്നു പറയാം. ഈശോയുടെ ഈ സാരള്യവും കൃത്യതയും ജീവിതത്തിൽ പകർത്തുന്നതിന് പ്ശീത്താ നമുക്കു പ്രേരകമാകുന്നു.


പ്ശീത്തായിൽ പഴയനിയമഭാഗം സാമാന്യേന ഹീബ്രുവിൽ നിന്നുള്ള പരിഭാഷയാണ്. എന്നാൽ ചില ഭാഗങ്ങളിൽ ഗ്രീക്കു സപ്തതി (Septuagint) യും, തർഗും വിവർത്തനവും അവലംബമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് അപ്രാമാണിക ഗ്രന്ഥങ്ങൾ (Apocrypha) സപ്തതിയിൽനിന്നാണു തർജ്ജമ ചെയ്തിരിക്കുന്നത്. സമ്പൂർണ്ണമായ പ്ശീത്താ പഴയനിയമത്തിന്റെ അധികൃതമായ കയ്യെഴുത്തുപ്രതി കിട്ടിയിട്ടുള്ളതായി അറിവില്ല. കിട്ടിയിട്ടുള്ള ചില കയ്യെഴുത്തു പ്രതികളിൽ രണ്ടാം ബാറോക്ക്, നാലാം എസ്രാ, മൂന്നും നാലും മഖ്ബായർ തുടങ്ങി കാനോനികമല്ലാത്ത ഗ്രന്ഥങ്ങളും ചേർത്തിട്ടുണ്ട്. ഏറ്റവും പുരാതനമായ കയ്യെഴുത്തുപ്രതി എ.ഡി. 5-ാം നൂറ്റാണ്ടിലേതാണ്. നമുക്കു ലഭിച്ചിട്ടുള്ളതിൽ ഏറ്റവും പുരാതനമായ ബൈബിളിന്റെ രണ്ടു കയ്യെഴുത്തുപ്രതികളും പ്ശീത്തായുടേതാണ്. ആറും ഏഴും നൂറ്റാണ്ടുകളിൽ എഴുതപ്പെട്ട അറുപതോളം പ്രതികൾ കേടുകൂടാതെ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. അവയിൽ ഒരു കയ്യെഴുത്തു പ്രതിയിൽ മാത്രമാണു പഴയനിയമഗ്രന്ഥങ്ങളെല്ലാം ഉൾക്കൊണ്ടിരിക്കുന്നത്. ദേവാലയങ്ങളിൽ ആരാധനയ്ക്കായി പാരായണം ചെയ്യേണ്ട പഴയനിയമഭാഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ലക്ഷണറിയുടെ കയ്യെഴുത്തുപ്രതികൾ 9-ാം നൂറ്റാണ്ടിൽ എഴുതിയിട്ടുള്ളത് നമുക്കു കിട്ടിയിട്ടുണ്ട്.

ഗ്രീക്കു സപ്തതിയുമായി താരതമ്യപ്പെടുത്തുമ്പോൾ പ്ശീത്തായുടെ ഉള്ളടക്കം മാറ്റമില്ലാത്തതാണ്. കാര്യമായ പാഠഭേദങ്ങളൊന്നും കയ്യെഴുത്തു പ്രതികളിലോ അച്ചടിച്ചിട്ടുള്ള ഗ്രന്ഥങ്ങളിലോ കാണുന്നില്ല. പ്ശീത്തായുടെ ആദ്യ കയ്യെഴുത്തുപ്രതികൾ ഒട്ടും ഭദ്രമല്ല. എന്നാൽ 6-8 നൂറ്റാണ്ടുകളിലെ കയ്യെഴുത്തുപ്രതികൾ ഭംഗിയായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. അതിപ്രാചീനമായ പതിപ്പും ആധുനികമായ പതിപ്പുകളും തമ്മിൽ കാര്യമായ വ്യത്യാസ മൊന്നുമില്ല. ചില പദങ്ങൾ മാറീട്ടുണ്ടെന്നു മാത്രം; ശൈലിയിലും അല്പം ചിലഭേദഗതികൾ ഉണ്ട്.


ഹോളണ്ടിലെ ലൈഡനിലുള്ള പ്ശീത്താ ഇൻസ്റ്റിറ്റ്യൂട്ട് ആധികാരികവും നിരൂപണാത്മകവുമായ ഒരു പശീത്താപ്പതിപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. 1957 - ൽ ജി. എം. ലാംസാ തയ്യാറാക്കിയ പ്ശീത്തായുടെ ഇംഗ്ലീഷ് പരിഭാഷ കുറ്റമറ്റതാണെന്നു പറയാൻ വയ്യ. ഒരിജൻ പുനഃപരിശോധന ചെയ്ത ഗ്രീക്ക് സപ്തതിയിൽ നിന്ന് സീറോ ഹെക്സാപ്ലാ എന്ന പേരിൽ മറ്റൊരു സുറിയാനി വിവർത്തനം 7-ാം നൂറ്റാണ്ടിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.


ഇനി സുറിയാനിയിലുള്ള പുതിയനിയമ പരിഭാഷകളിലേക്ക് കടക്കാം. അവയിൽ മുഖ്യമായവ ദിയാതേസറോനും (Diatessaron) പ്രാചീന സുറിയാനിയും (old Syriac) പ്ശീത്തായും, ഫിലൊക്ലേനിയനും (Philoxenian) ഹർക്ലേയാനും(Harklean) ക്രിസ്തീയ പലസ്തീനാ അറമായിക്കും ആണ്. റ്റാസിയാൻ (Tatian) ആണ് ദിയാതേസറോന്റെ വിവർത്തകൻ. ആശയ്ക്യം വരത്തക്കവണ്ണം സുവിശേഷ ഭാഗങ്ങൾ ക്രമവത്ക്കരിച്ച് പ്രസിദ്ധപ്പെടുത്തിയിരിക്കു ന്നതാണിത്. എ.ഡി.160-ൽ ആയിരിക്കണം Tatian അതു പ്രസിദ്ധപ്പെടുത്തിയത് എന്നു കരുതുന്നു. സുറിയാനി സംസാരിക്കുന്ന സഭകളിലെല്ലാം ആധികാരിക സുവിശേഷ ഗ്രന്ഥമായി ദിയാതേസറോൻ അംഗീകരിക്കപ്പെട്ടു.


ദിയാതേസറോനെ പിൻതുടർന്ന് വന്ന പുതിയ നിയമഗ്രന്ഥമാണ് പ്രാചീന സുറിയാനി. അതിന്റെ 5-ാം നൂറ്റാണ്ടിലെ രണ്ടു കയ്യെഴുത്തു പ്രതികൾ കിട്ടിയിട്ടുണ്ട്. അവ കുറെത്തോനിയാനൂസ് (Curetonianus) എന്നും സിനായിറ്റിക്കസ് (Sinaiticus) എന്നും അറിയപ്പെടുന്നു. ഇതിൽ ആദ്യത്തേത് പ്രസാധകന്റെ പേരു തന്നെയാണ്. രണ്ടാമത്തേത് അതു കണ്ടെടുത്ത സീനായ് മലയിലെ കാതറൈൻ ആശ്രമത്തിന്റെ പേരിനോടു ബന്ധപ്പെട്ടിരിക്കുന്നു. സീനായ്റ്റിക്കസിൽ മർക്കോസിന്റെ സുവിശേഷത്തിലെ വിപുലമായ അവസാന ഭാഗം കാണുന്നില്ല. രണ്ടു കയ്യെഴുത്തു പ്രതികളും പൊതുവായ ഒരു മൂലകൃതിയുടെ വ്യത്യസ്തമായ പതിപ്പുകളാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. 3-ാം നൂറ്റാണ്ടിലായിരിക്കണം ഇവ വിരചിതമായത്. ഇവയിൽ ശ്ലീഹന്മാരുടെ നടപടിഗ്രന്ഥമോ ലേഖനങ്ങളോ കാണുന്നില്ല. അവ നഷ്ടപ്പെട്ടുപോയതായിരിക്കാൻ സാദ്ധ്യതയുണ്ട്.


സുറിയാനി സഭകളിലെ അംഗീകൃതവും ആധികാരികവുമായ പുതിയ നിയമഗ്രന്ഥമാണ് പ്ശീത്താ. അത് പ്രാചീന സുറിയാനിയുടെ പരിഷ്ക്കരിച്ച പതിപ്പായി പരിഗണിക്കപ്പെട്ടുപോരുന്നു. ഗ്രീക്ക് പുതിയനിയമവുമായി ഇതിനു കൂടുതൽ സാമ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിൽ യോഹന്നാന്റെ രണ്ടും മൂന്നും ലേഖനവും പത്രോസിന്റെ രണ്ടാം ലേഖനവും വെളിപാടും ഒഴിച്ചുള്ള പുതിയനിയമഭാഗങ്ങളെല്ലാം അടങ്ങിയിരിക്കുന്നു. ആദ്യകാലത്തെ സുറിയാനി സഭയുടെ കാനോനായിൽ മേൽ പറഞ്ഞ ഭാഗങ്ങൾ ചേർത്തിട്ടില്ലാത്തതായിരിക്കാം അവ വിട്ടുകളയുവാൻ കാരണം. പ്ശീത്താ പുതിയനിയമത്തിന്റെ പ്രസാധനം ഏതു കാലത്താണു നടന്നതെന്നു കൃത്യമായി പറയാനാവില്ല. 5-ാം ശതകത്തിന്റെ ആരംഭത്തിൽ തന്നെ ദിയാതേസറോനെയും പ്രാചീന സുറിയാനിയെയും പുറം തള്ളിക്കൊണ്ട് പ്ശീത്താ, സുറിയാനി സഭകളിലെ ആധികാരിക ഗ്രന്ഥമായിത്തീർന്നിരുന്നു. പുതിയനിയമ പ്ശീത്തായുടെ അഞ്ചും ആറും നൂറ്റാണ്ടുകളിൽ എഴുതിയ അറുപതിൽപ്പരം കയ്യെഴുത്തു പ്രതികൾ നമുക്ക് കിട്ടിയിട്ടുണ്ട്. അവയിൽ യാക്കോബിന്റെയും പത്രോസിന്റെയും യോഹന്നാന്റെയും ലേഖനങ്ങൾക്കു ശേഷമാണ്പൗലോസ് ശ്ലീഹായുടെ കത്തുകൾ ചേർത്തിരിക്കുന്നത്. അച്ചടിച്ച ആദ്യത്തെ പ്ശീത്താ പുതിയനിയമം 1555-ൽ വിയന്നായിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്നുള്ളതിൽ ഏറ്റവും മികച്ച സുറിയാനി പ്രസിദ്ധീകരണങ്ങൾ ബ്രിട്ടണിലെ ബൈബിൾ സൊസൈറ്റി "ദി ന്യൂ ടെസ്റ്റമെന്റ് ഇൻ സിറിയക്' എന്ന പേരിൽ 1920-ൽ പ്രസി ദ്ധീകരിച്ച ഗ്രന്ഥവും ഡൊമിനിക്കൻ വൈദികർ 1951-ൽ ബെയ്റൂട്ടിൽ നിന്നും പ്രസിദ്ധപ്പെടുത്തിയ പുതിയനിയമവുമാണ്.


ഫിലോക്ലെനിയൻ, ഹർക്ലെയാൻ, ക്രിസ്തീയ അറമായിക്ക് ഈ വിവർത്തനങ്ങളെക്കുറിച്ചും അല്പം ചിലത് ഫിലോക്ലെനൂസ് എന്ന സിറിയൻ ഓർത്തഡോക്സ് മെത്രാനാണ് 6-ാം നൂറ്റാണ്ടിൽ പ്ശീത്തായുടെ പുതിയ പതിപ്പ് പ്രസിദ്ധീകരിച്ചത്. പ്ശീത്തായിലെ വിശ്വാസ പ്രബോധനത്തോടനുബന്ധിച്ച ചിലഭാഗങ്ങൾ സുവ്യക്തമല്ലെന്ന് അദ്ദേഹത്തിനു തോന്നി. അതുകൊണ്ട് ഗ്രീക്കു വിവർത്തനത്തോടൊത്തു നില്ക്കത്തക്കവണ്ണം സുറിയാനി പുതിയനിയമത്തിന് പുതിയ പതിപ്പിൽ ചില പരിഷ്ക്കാരങ്ങൾ അദ്ദേഹം വരുത്തി. ഹാക്കേലിലെ തോമ്മായുടെതാണ് ഹാർക്ലെയൻ വിവർത്തനം. അദ്ദേഹവും ഗ്രീക്കു പരിഭാഷയുമായി കഴിയുന്നിടത്തോളം ഒന്നു നില്ക്കുന്നതിനാണു ശ്രമിച്ചത്. ആ യത്നം 616 - ൽ പൂർത്തീകരിക്കപ്പെട്ടു. ക്രിസ്തീയ പാലസ്തീനാ അറമായിക്ക് പുതിയനിയമം ഗ്രീക്കിൽ നിന്നാണ് വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നത്. അതിന്റെ ഏതാനും ഭാഗങ്ങൾ മാത്രമേ ഇന്ന് അവശേഷിച്ചിട്ടുള്ളൂ.


ബൈബിളിന്റെ പ്രാധാന്യം ഈ ചുരുങ്ങിയ വിവരണത്തിൽ നിന്ന് വ്യക്തമാകുന്നുണ്ടല്ലോ. ദൈവപുത്രനായ ഈശോ സംസാരിക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ബൈബിൾ പൗരസ്ത്യ സഭയിൽപ്പെട്ട ക്രിസ്ത്യാനികൾ തങ്ങളുടെ അനർഘമായ പൈതൃകമായി വിലമതിക്കണം. മാർത്തോമ്മാ ശ്ലീഹായിൽ നിന്ന് നമ്മൾ സ്വീകരിച്ച വിശ്വാസചൈതന്യത്തിൽ ഈ സുറിയാനി പൈതൃകവും ഇഴുകിച്ചേർന്നിരിക്കുന്നു. അതിനെ ക്രിസ്തീയാന്തസത്തയിൽ നിന്ന് വേർതിരിക്കുവാനോ വലിച്ചെറിഞ്ഞു കളയുവാനോ മാർത്തോമ്മാ ശ്ലീഹായുടെ മക്കൾക്ക് സാദ്ധ്യമല്ല.  യശശ്ശരീരനായ മാണിക്കത്തനാരുടെ പഞ്ചഗ്രന്ഥി, പ്രാസംഗികൻ തുടങ്ങിയ ഭാഗങ്ങളുടെ വിവർത്തനങ്ങൾ അനുസ്മരണാർഹമാണ്.  ഈശോയും മാർത്തോമ്മാ ശ്ലീഹായും നമ്മളേവരെയും അനുഗ്രഹിക്കട്ടെ.