ഭാഗ്യസ്മരണാർഹനായ ബഹുമാനപ്പെട്ട ചേടിയത്ത് ഗീവർഗീസ് മൽപ്പാനച്ചന്റെ സ്മരണാഞ്ജലിയായി ‘നസ്രാണി മാർഗ്ഗം’ മാസിക പ്രകാശനം ചെയ്തു

കാക്കനാട്: മാർ ഗീവർഗീസ് സഹദായുടെ തിരുനാളിനോടനുബന്ധിച്ച് സീറോ മലബാർ സഭയുടെ തലവനും പിതാവുമായ കർദിനാൾ മാർ ഗീവർഗീസ് ആലഞ്ചേരി, ചേടിയത്ത് ഗീവർഗീസ് മൽപ്പാനച്ചൻ സീറോ മലബാർ സഭയ്ക്കും കത്തോലിക്കാ സഭയ്ക്കും ചെയ്ത വലിയ സംഭാവനകൾ ചൂണ്ടിക്കാട്ടുകയും വന്ദ്യ മല്പാനച്ചന്റെ അപ്രതീക്ഷിത വേർപാടിൽ അനുശോചനവും പ്രാർത്ഥനകളും നേരുകയും നസ്രാണി മാർഗ്ഗം മാസിക പ്രകാശനം ചെയ്യുകയും ചെയ്തു.

മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ ശ്രേഷ്ഠ പണ്ഡിതനും വന്ദ്യ ഗുരു ഭൂതനുമായിരുന്ന ചേടിയത്തച്ചൻ വലിയൊരു ശിഷ്യസമ്പത്തിനുടമയും അനേകം പുസ്തകങ്ങളുടെ രചയിതാവുമാണ്. സഭാപിതാക്കന്മാരുടെ ദൈവശാസ്ത്രവും, കാഴ്ചപ്പാടുകളും, ആശയ ലോകവും മല്പാനച്ചൻ മലയാളികൾക്ക് പരിചയപ്പെടുത്തി. വിവിധ സഭാഐക്യ വേദികളിലും മല്പാനച്ചന്റെ സംഭാവനകൾ വലുതാണ്.

ചേടിയത്തച്ചന്റെ ശിഷ്യനും സീറോ മലബാർ സഭയുടെ കൂരിയ ബിഷപ്പുമായ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ പിതാവ് ചേടിയത്തച്ചനെക്കുറിച്ചുള്ള സഭാ പണ്ഡിതന്മാരുടെയും ശിഷ്യ സമൂഹത്തിന്റെയും ഓർമ്മകൾ പങ്കുവയ്ക്കുന്ന ‘നസ്രാണി മാർഗ്ഗം’ മാസിക കർദിനാൾ മാർ ഗീവർഗീസ് ആലഞ്ചേരി പിതാവിൽനിന്നും സ്വീകരിച്ചു.

കാഞ്ഞിരപ്പള്ളി രൂപതയിലെ ചേനപ്പാടി തരകനാട്ടുകുന്ന് മാർ അന്തോണീസ് ഇടവകയിൽ, മാർത്തോമാ ശ്ലീഹാ ദയറാ നല്ലതണ്ണിയിലെ അസോസിയേറ്റ് അംഗങ്ങളായ അല്മായരുടെയും കാഞ്ഞിരപ്പള്ളി രൂപതയിലെ നസ്രാണി റിസർച്ച് സെന്ററിന്റെയും ആഭിമുഖ്യത്തിലാണ് ഈ മാസിക തയ്യാറാക്കിയിരിക്കുന്നത്. ‘നസ്രാണി മാർഗ്ഗം’ ഇടവക ബുള്ളറ്റിനു ശേഷമുള്ള പുതിയ കാൽവെയ്പ്പാണിത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : www.nazranimargam.blogspot.com, nazranimargam@gmail.com