""ആണ്ടുവട്ടത്തിന്റെ അവസാനം... തമ്പുരാന് നന്ദി! - നസ്രാണി മാർഗ്ഗം കൂട്ടായ്മ

മൽക്കാ(വിശുദ്ധ പുളിപ്പ്) സീറോ മലബാർ സഭയിലെ, മാർത്തോമാശ്ലീഹാ ദയറായിൽ

(ചിത്രത്തിൽ: മേൽ സൂചിപ്പിച്ച ചരിത്ര ഉദ്യമത്തിന്റെ പിന്നിൽ പ്രവർത്തിച്ചവരും, പ്രാർത്ഥനയിൽ ഞങ്ങളെ ശക്തരാക്കിയവരും. ഒപ്പം വരാൻ പറ്റാതെ പോയ ഞങ്ങളുടെ സുഹൃത്തുക്കൾ  അമലും അന്തോണിച്ചനും)

നസ്രാണി മാർഗ്ഗം കൂട്ടായ്മ ഇതുവരെ ചെയ്തതിൽ ഏറ്റവും വലിയ നന്മ. ഇതിനായി ഞങ്ങളെ തിരഞ്ഞെടുത്തത്തിൽ ദൈവത്തിന് നന്ദി പറയുന്നു.

"ഈ വിശുദ്ധ പുളിപ്പ് (മൽക്ക) ശ്ലൈഹിക ഉത്ഭവം ഉള്ള ഒന്നല്ലെങ്കിൽ ഈ കടുത്ത പീഡനങ്ങളുടെ നടുവിൽ പോലും ഇത്ര അധികം ഭയഭക്ത്യാദരങ്ങളോടെ അവർ ഇത് ഇത്രയും കാലം സംരക്ഷിക്കുകയില്ലായിരുന്നു"
         - ന്സീവീനിലെ മാർ അബ്ദീശോ ( ܥܒܕܝܝܫܘܥ ܕܨܘܒܐ) (+1318)_

മൽക്ക എന്ന വിശുദ്ധ പുളിപ്പും സൈത്ത് എന്ന വിശുദ്ധ തൈലവും.

"വിശുദ്ധ കുർബാന അപ്പത്തിലെ വിശുദ്ധ പുളിപ്പ്  നമ്മുടെ കർത്താവിന്റെ ആത്മാവിന്റെയും ജീവന്റെയും പ്രതീകമാണ്."
              -മാർ അപ്രേം മല്പാൻ.

ശ്ലൈഹിക സഭകളുടെ എല്ലാം അടിസ്ഥാനം എഴുതപ്പെട്ട ദൈവവചനവും (ബൈബിൾ) എഴുതപ്പെടാത്ത വിശുദ്ധ പാരമ്പര്യങ്ങളുമാണ്.ബൈബിൾ എഴുതപ്പെടുന്നതിനും വളരെ മുൻപേ തന്നെ സഭ വിശുദ്ധ പാരമ്പര്യങ്ങളെ മുറുകെപ്പിടിച്ചിരുന്നു.ബൈബിളിൽ എഴുതപ്പെടാത്തതും എന്നാൽ ബൈബിൾ പോലെ തന്നെ പ്രധാനപ്പെട്ടതും, ശ്ലീഹന്മാരിലൂടെയും സഭാ പിതാക്കന്മാരിലൂടെയും കൈമാറപ്പെട്ടതുമാണ് വിശുദ്ധ പാരമ്പര്യങ്ങൾ. അത്തരത്തിലുള്ള പാരമ്പര്യങ്ങളാണ് വിശുദ്ധ പുളിപ്പും (മൽക്ക/ഹമീറ) വിശുദ്ധ തൈലവും(സൈത്ത്).
പൗരസ്ത്യ സഭകളുടെ എല്ലാം പൊതുവിലുള്ള പാരമ്പര്യമാണ് പരിശുദ്ധ കുർബാനയിൽ പുളിപ്പുള്ള അപ്പം ഉപയോഗിക്കുക എന്നത്.പുളിപ്പ് ജീവന്റെ പ്രതീകമായി അവർ കണക്കാക്കിയിരുന്നു. പൗരസ്ത്യ സുറിയാനി സഭയായ മാർത്തോമ്മാ നസ്രാണി സഭയിലും പുരാതന കാലം മുതൽ ഇപ്രകാരം പുളിപ്പുള്ള അപ്പമായിരുന്നു ഉപയോഗിച്ചിരുന്നത്. ഇതിന് മാറ്റം വന്നത് വൈദേശിക മിഷനറിമാരുടെ ആഗമനത്തോടെയാണ്. ഉദയംപേരൂർ യോഗത്തിൽ വച്ച് നമ്മുടെ പല വിശുദ്ധ പാരമ്പര്യങ്ങളും നമുക്ക് നഷ്ടമായി. നമ്മുടെ അനവധി ചരിത്ര രേഖകളും നമുക്ക് നഷ്ടമായി. റോമൻ കത്തോലിക്കാ സഭയിൽ ഇല്ലാത്തത് എല്ലാം പാഷണ്ഡതയാണ് എന്ന തെറ്റായ ബോധ്യമായിരുന്നു അവരെ നയിച്ചത്. ഇതുമൂലം ഒട്ടുമിക്ക ശ്ലൈഹിക സഭകൾക്കും പല പരിശുദ്ധ പാരമ്പര്യങ്ങളും നഷ്ടമായി.
മാർത്തോമ്മാ നസ്രാണികൾക്ക് ഇത്തരത്തിൽ നഷ്ടമായവയാണ് വിശുദ്ധ പുളിപ്പും വിശുദ്ധ തൈലവും.

എന്താണ് വിശുദ്ധ പുളിപ്പും വിശുദ്ധ തൈലവും???
വിശുദ്ധ പുളിപ്പും വിശുദ്ധ തൈലവും നമ്മുടെ കർത്താവിന്റെ ഈലോക ജീവിതവുമായി ബന്ധപ്പെട്ടവയാണ്. ശ്ലീഹന്മാരിലൂടെ കൈമാറപ്പെട്ട ഒന്നെന്ന നിലയ്ക്ക് ഇവയെ ശ്ലൈഹിക പാരമ്പര്യം എന്നു പറയാം. ഈശോയുടെ ജീവിതകാലത്ത് തന്നെ ഇവ രൂപം കൊണ്ടിരുന്നു.അവിടുത്തെ മാമ്മോദീസാ,അവസാനത്തെ പെസഹാ ആചരണം, സ്ലീവാമരണം എന്നീ രക്ഷാകര സംഭവങ്ങളിലൂടെ ഇവ രൂപമെടുത്തു.
ഈശോയുടെ മാമ്മോദീസാ വേളയിൽ മാർ യോഹന്നാൻ മാംദാന ഈശോയുടെ ശരീരത്തിൽ നിന്നും ഇറ്റുവീണ മാമ്മോദീസാ വെള്ളം ശേഖരിച്ച് സൂക്ഷിച്ചു. യോർദ്ദ്നാനിൽ നടന്ന കാര്യങ്ങളെപ്പറ്റി മാർ അപ്രേം മല്പാന്റെ കൃതികളിൽ കാണാം.
അദ്ദേഹത്തിന്റെ ശിഷ്യനായിരുന്ന,പിന്നീട് ഈശോയുടെ ശ്ലീഹായായിത്തീർന്ന യോഹന്നാൻ ശ്ലീഹായ്ക്ക്‌ അദ്ദേഹം ഇൗ വിശുദ്ധ ജലം കൈമാറി.യോഹന്നാൻ ശ്ലീഹാ പിന്നീട് ഇത് സൂക്ഷിച്ചു.
ഈശോയുടെ അവസാന പെസഹാ ആചരണ വേളയിൽ അവിടുന്ന് നമുക്കായി പരിശുദ്ധ കുർബാന സ്ഥാപിച്ചു.
അത്താഴ മേശയിൽ വച്ച് ഈശോ അപ്പമെടുത്ത് വാഴ്ത്തി മുറിച്ച് ശ്ലീഹന്മാർക്ക്‌ കൊടുത്തു.പതിനാല് കഷ്ണങ്ങളായി മുറിച്ച അപ്പത്തിൽ ഓരോ ഭാഗം പന്ത്രണ്ട് ശ്ലീഹരും ഒരു ഭാഗം ഈശോയും ഭക്ഷിച്ചു.യോഹന്നാൻ ശ്ലീഹായ്ക്ക്‌ മാത്രം രണ്ട് കഷ്ണങ്ങൾ അവിടുന്ന് കൊടുത്തു.
ശ്ലീഹാ അതും സൂക്ഷിച്ച് വച്ചു.
ഈശോയുടെ സ്ലീവാമരണ വേളയിൽ പടയാളി അവിടുത്തെ തിരുവിലാവ് കുന്തംകൊണ്ട് കുത്തി തുറന്നപ്പോൾ അവിടെ നിന്നും ഒഴുകിയ തിരുരക്തത്തിൽ ശ്ലീഹാ ഇൗ അപ്പം കുതിർത്തെടുത്തു.
തിരുവിലാവിൽ നിന്നും ഒഴുകിയ വെള്ളം ശേഖരിക്കുകയും ചെയ്തു.
മറ്റൊരു പാരമ്പര്യം അനുസരിച്ച് ഈശോ മാർത്തോമ്മാ ശ്ലീഹായ്ക്ക്‌ പ്രത്യക്ഷനായ വേളയിൽ,തോമ്മാ ശ്ലീഹാ ഈശോയുടെ തിരുവിലാവിലെ മുറിവിൽ കൈവച്ചപ്പോൾ അവിടെ നിന്നും പൊടിഞ്ഞ രക്തത്തിൽ വീണ്ടും ഇൗ അപ്പം യോഹന്നാൻ ശ്ലീഹാ കുതിർത്തെടുത്തു.
വീണ്ടും ശ്ലീഹന്മാർ ഒരുമിച്ച് കൂടിയപ്പോൾ ഈശോയുടെ കൽപ്പന അനുസരിച്ച് അവർ അപ്പം മുറിക്കൽ ശുശ്രൂഷ നടത്തി.
ഇതിലേക്കായി യോഹന്നാൻ ശ്ലീഹാ തന്റെ കൈവശം ഉണ്ടായിരുന്ന ഈശോയുടെ തിരുരക്തത്തിൽ നനഞ്ഞ അപ്പക്കഷണം മാവുമായി ചേർത്ത് കുഴച്ച് അപ്പം ഉണ്ടാക്കി.
തിരുവിലാവിൽ നിന്നും ഒഴുകിയ വെള്ളവും ഈശോയുടെ മാമ്മോദീസാ ജലവും മറ്റു ശ്ലീഹന്മാർ കബറടക്ക വേളയിൽ ഈശോയുടെ ശരീരത്തിൽ പൂശിയ സുഗന്ധക്കൂട്ടുകളിൽ നിന്ന് ശേഖരിച്ച ഭാഗങ്ങളും ഒലിവെണ്ണയുമായി ചേർത്ത് വിശുദ്ധ തൈലമായി കൊമ്പുകളിൽ സൂക്ഷിക്കുകയും ചെയ്തു.
അപ്പം മുറിക്കൽ ശുശ്രൂഷ കഴിഞ്ഞ് പ്രസ്തുത അപ്പത്തിൽ നിന്ന് ഒരു ഭാഗം അടുത്ത തവണ അപ്പം ഉണ്ടാക്കുമ്പോൾ പുളിപ്പായി ചേർക്കുവാൻ വേണ്ടി സൂക്ഷിച്ച് വച്ചു.
കൊമ്പിൽ സൂക്ഷിച്ച എണ്ണ മാമ്മോദീസായ്ക്കുള്ള വിശുദ്ധ തൈലമായി ഉപയോഗിച്ചു.ഇത് സൈത്ത് എന്ന് അറിയപ്പെട്ടു. സൈത്ത്‌ എന്ന സുറിയാനി വാക്കിന് ഒലിവെണ്ണ എന്നാണ് അർത്ഥം.സൈത്ത് ഓരോ തവണയും ഉപയോഗിച്ച് കഴിയുമ്പോൾ നിലവിലുള്ള സൈത്തിലേക്ക്‌ കുറച്ച് ഒലിവെണ്ണ ചേർത്ത് അളവ് കുറയാതെ സംരക്ഷിച്ച് പോന്നു.
ഓരോ തവണയും അപ്പം ഉണ്ടാക്കുമ്പോൾ അവർ ഇൗ വിശുദ്ധ പുളിപ്പ് ചേർക്കുകയും വീണ്ടും അതിൽ നിന്നും ഒരു ഭാഗം മാറ്റി വയ്ക്കുകയും ചെയ്തു.ഇതിന് വിശുദ്ധ പുളിപ്പ്, ഹമീറാ,മൽക്കാ എന്നൊക്കെ പറയുന്നു.ഹമീറാ എന്ന സുറിയാനി വാക്കിന് പുളിപ്പ് എന്നും മൽക്കാ എന്ന വാക്കിന് രാജാവ് എന്നുമാണ് അർത്ഥം.

ശ്ലീഹന്മാർ സുവിശേഷ ദൗത്യവുമായി ലോകത്തിന്റെ പല ഭാഗത്തേയ്ക്കും പോകുന്നതിന് മുമ്പ് ഇൗ  വിശുദ്ധ പുളിപ്പും സൈത്തും അവർ പങ്കുവച്ചെടുത്തു,അതത് പ്രദേശങ്ങളിൽ പരിശുദ്ധ കുർബാന അർപ്പിക്കുവാനായി.
അങ്ങനെ എല്ലാ ശ്ലൈഹിക സഭകളിലും മൽക്കയും സൈത്തും എത്തി.
മാർ തോമ്മാ ശ്ലീഹാ ആദ്യം പോയ പേർഷ്യൻ സാമ്രാജ്യത്തിലും പിന്നീട് അദ്ദേഹത്തിലൂടെ തന്നെ ഹെന്ദോ (ഇന്ത്യ) യിലും അങ്ങനെ ഇൗ വിശുദ്ധ പുളിപ്പ് എത്തിച്ചേർന്നു.
പിന്നീട് മാർ തോമ്മാ ശ്ലീഹായുടെ ശിഷ്യരായ മാർ അദ്ദൈ മാർ മാറി എന്നീ ശ്ലീഹന്മാരിലൂടെ പേർഷ്യൻ സഭയിലും മാർത്തോമ്മാ ശ്ലീഹായ്ക്ക്‌ ശേഷമുള്ള പിതാക്കന്മാരിലൂടെ നമ്മുടെ സഭയിലും ഇൗ പാരമ്പര്യം കൈമാറ്റം ചെയ്യപ്പെട്ടു.
ഓരോ സഭകളിലും വ്യത്യസ്ത രീതിയിലാണ് വിശുദ്ധ പുളിപ്പ് സൂക്ഷിച്ചത്.
ഇന്ത്യയിലെയും പേർഷ്യയിലെയും സഭകൾ മൽക്ക ഒരു പൊടിയായി ഉണക്കി സൂക്ഷിച്ചു. അതേ സമയം അന്ത്യോക്യൻ സഭ പുളിമാവായി തന്നെ സൂക്ഷിച്ചു,ഇന്നും അങ്ങനെതന്നെ പിന്തുടരുന്നു.
പൗരസ്ത്യ സുറിയാനി സഭ ഇൗ മൽക്ക ഉണക്കി സൂക്ഷിക്കുകയും ഇതിൽ നിന്നും ഓരോ ഭാഗം ഓരോ തവണയും അപ്പം ചുടുമ്പോൾ ചേർക്കുകയും ചെയ്തു.പെസഹാ വ്യാഴാഴ്ച ഒരു മെത്രാന്റെ കീഴിലുള്ള എല്ലാ വൈദികരും തങ്ങളുടെ കൈവശമുള്ള മൽക്ക മെത്രാന്റെ അടുക്കൽ കൊണ്ടുവരുകയും അടുത്ത ഒരു വർഷത്തെ ഉപയോഗത്തിലേയ്ക്കായി ഒലിവെണ്ണയും വെള്ളവും കോതമ്പ്‌ പൊടിയും ഉപ്പും ചേർത്ത് വർദ്ധിപ്പിക്കുകയും ചെയ്തു.അടുത്ത പെസഹാ വരെ അവർ ഇത് സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്തു.
അസീറിയൻ സഭയും  അന്ത്യോക്യൻ സഭയും പൗരസ്ത്യ സുറിയാനി സഭയും ഒക്കെ ഇൗ പാരമ്പര്യം ഇന്നും തുടരുന്നു.
മൽക്ക ഇല്ലാതെ നമ്മൾ കുർബാന അപ്പം ഉണ്ടാക്കിയിരുന്നില്ല.

എ.ഡി. 200 ൽ വിരചിതമായ തോമ്മായുടെ നടപടികൾ എന്ന സുറിയാനി ഗ്രന്ഥത്തിൽ ഇപ്രകാരം കാണുന്നു; "...... (തോമാ) ശ്ലീഹാ തന്റെ ശുശ്രൂഷകനോട് ലഹമ്മ (പുളിപ്പുള്ള അപ്പം) ഉണ്ടാക്കുവാൻ പറയുന്നു......"
വീണ്ടും ഇതേ ഗ്രന്ഥത്തിൽ തന്നെ ".....(തോമാ) ശ്ലീഹാ മാനസാന്തരപ്പെടുത്തിയവരിൽ പെട്ട മിഗ്ദോനിയ എന്ന ആൾ 'വീഞ്ഞും വെള്ളവും കലർത്തിയ കാസായും ഒരു പുളിപ്പുള്ള അപ്പവും (ലഹമ്മ) കൊണ്ടുവന്നു........"

നിസിബിസിലെ മാർ അബ്ദീശോയുടെ (+1318) 'മാർഗാനീസാ' (മുത്ത്) എന്ന കൃതിയിൽ പറഞ്ഞിരിക്കുന്നത് പ്രകാരം പൗരസ്ത്യ സുറിയാനി സഭയുടെ ഒരു കൂദാശ ആണ് മൽക്ക.പൗരസ്ത്യ സഭകൾ,പ്രത്യേകിച്ച് പൗരസ്ത്യ സുറിയാനി സഭ കടുത്ത പീഡനങ്ങൾ ഏൽക്കേണ്ടി വന്ന സാഹചര്യങ്ങളിൽ പോലും പിതാക്കന്മാർ വഴി കൈമാറിക്കിട്ടിയ വിശുദ്ധ പാരമ്പര്യങ്ങളും വിശ്വാസവും നഷ്ടപ്പെടുത്താൻ തയ്യാറായില്ല.
മാർ അബ്ദീശോ പറയുന്നത് ഇപ്രകാരമാണ്: "ഇൗ വിശുദ്ധ പുളിപ്പ് ശ്ലൈഹിക ഉത്ഭവം ഉള്ള ഒന്നല്ലെങ്കിൽ ഇൗ കടുത്ത പീഡനങ്ങളുടെ നടുവിൽ പോലും ഇത്ര അധികം ഭയഭക്ത്യാദരങ്ങളോടെ അവർ ഇത് ഇത്രയും കാലം സംരക്ഷിക്കുകയില്ലായിരുന്നു."

'സ്ബ്‌ദൈയുടെ പുത്രനായ യോഹന്നാൻ' എന്ന നാലാം നൂറ്റാണ്ടിൽ എഴുതപ്പെട്ട മറ്റൊരു സുറിയാനി ഗ്രന്ഥത്തിൽ ഇപ്രകാരം കാണുന്നു;"......പരിശുദ്ധ കുർബാന അർപ്പിക്കേണ്ട സമയം ആയപ്പോൾ ശ്ലീഹാ തന്റെ അടുക്കൽ പുളിപ്പുള്ള വെളുത്ത കോതമ്പ്‌ അപ്പം (ലഹമ്മ) കൊണ്ടുവരാൻ പറഞ്ഞു...."

ഒൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ വരെ പാശ്ചാത്യ (ലത്തീൻ) സഭയിലും പുളിപ്പില്ലാത്ത അപ്പം പരിശുദ്ധ കുർബാനയ്ക്ക്‌ ഉപയോഗിച്ചിരുന്നില്ല.
പാശ്ചാത്യ സഭയിൽ പോലും എട്ടാം നൂറ്റാണ്ടിൽ മാർ ഇന്നസെന്റ് പാപ്പയുടെ കാലത്ത് "മാർപ്പാപ്പ അർപ്പിച്ച പരിശുദ്ധ കുർബാന അപ്പത്തിൽ നിന്നും ഒരു ഭാഗം അടുത്തുള്ള പള്ളികളിൽ 'സാങ്റ്റ' (SANCTA) എന്ന പേരിൽ വിതരണം ചെയ്തിരുന്നു.മാർപ്പാപ്പ പരിശുദ്ധ കുർബാന അർപ്പിക്കുന്നില്ലെങ്കിൽ നേരത്തെ മാർപ്പാപ്പ അർപ്പിച്ച പരിശുദ്ധ കുർബാന  അപ്പത്തിലെ ഒരു ഭാഗം വീണ്ടും അപ്പം തയ്യാറാക്കുവാൻ വേണ്ടി പുളിപ്പ് ആയി ഉപയോഗിക്കുന്നു."
എന്ന് ഇന്നസെന്റ് മാർപ്പാപ്പ ഡീസൻഷ്യസ് എന്ന ആൾക്ക് എഴുതിയ കത്തിൽ കാണുന്നു. അപ്പോൾ പുളിപ്പുള്ള അപ്പം ആണോ പുളിപ്പില്ലാത്ത അപ്പം ആയിരുന്നോ എന്ന് വ്യക്തമല്ല എങ്കിലും കുർബാന അപ്പത്തിൽ ഒരു തുടർച്ച ലത്തീൻ സഭയിലും നിലനിന്നിരുന്നു.

ഗ്രീക്ക് ഓർത്തഡോക്സ് സഭയിൽ അഞ്ചിഞ്ച് വ്യാസവും രണ്ടിഞ്ച് കനവുമുള്ള പുളിപ്പുള്ള അപ്പം ഉപയോഗിക്കുന്നു.നാല് ഭാഗങ്ങൾ ആയി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ അപ്പത്തിൽ ഓരോ ഭാഗത്തുമായി IC,NC,NI,KA (ഈശോ മ്ശീഹാ വിജയിക്കുന്നു) എന്ന് രേഖപ്പെടുത്തുന്നു.ഒരു അപ്പമാണ് സാധാരണ ഉപയോഗിക്കുന്നത് എങ്കിലും അഞ്ചപ്പം കൊണ്ട് അയ്യായിരം പേരെ തൃപ്തരാക്കിയ മ്ശീഹായുടെ അത്ഭുതത്തിന്റെ സൂചകമായി ചിലപ്പോൾ അഞ്ച് അപ്പങ്ങളും ഉപയോഗിക്കുന്നു.

റഷ്യൻ സഭയിൽ അപ്പത്തിന് രണ്ട് ഭാഗങ്ങൾ ഉണ്ട്, മ്ശീഹായുടെ ദൈവ സ്വഭാവവും മനുഷ്യ സ്വഭാവവും സൂചിപ്പിക്കാൻ.ഇവ ഒന്നിന് മുകളിൽ ഒന്നായി കുരിശാകൃതിയിൽ ചേർത്ത് ഉണ്ടാക്കുന്നു,നടുവിൽ IHC,NC,NI,KA എന്നിങ്ങനെ രേഖപ്പെടുത്തുന്നു.

കോപ്റ്റിക് സഭയിൽ മൂന്നിഞ്ച് വ്യാസവും മുക്കാൽ ഇഞ്ച് കനവുമുള്ള പുളിപ്പുള്ള അപ്പം ഉപയോഗിക്കുന്നു.പന്ത്രണ്ട് ശ്ലീഹൻമാരെ സൂചിപ്പിക്കുന്ന പന്ത്രണ്ട് സമചതുരങ്ങൾ ഉൾക്കൊള്ളുന്ന ഒരു കുരിശ് ഈ അപ്പത്തിൽ മുദ്ര പതിപ്പിക്കുന്നു.വശത്ത് പരിശുദ്ധനായ ദൈവമേ,പരിശുദ്ധനായ ബലവാനേ, പരിശുദ്ധനായ അമർത്യനേ എന്ന് രേഖപ്പെടുത്തുന്നു.ചിലപ്പോൾ മ്ശീഹായുടെ അഞ്ച് തിരുമുറിവുകളെ സൂചിപ്പിക്കുന്ന അഞ്ച് ദ്വാരങ്ങളും ഉണ്ടായിരിക്കും.
അന്ത്യോക്യൻ പാശ്ചാത്യ സുറിയാനി സഭയിൽ ഓരോ പരിശുദ്ധ കുർബാനയ്ക്കും അപ്പം ചുടുവാൻ മാവ് കുഴയ്ക്കുന്ന വേളയിൽ,നേരത്തെ സൂക്ഷിച്ച് വച്ചിരിക്കുന്ന വിശുദ്ധ പുളിപ്പ് ചേർക്കുന്നു.മാവ് കുഴച്ച് കഴിയുമ്പോൾ അതിൽ നിന്നും ഒരു ഭാഗം അടുത്ത തവണ പരിശുദ്ധ കുർബാനയ്ക്ക് അപ്പം ചുടുവാൻ മാവ് കുഴക്കുമ്പോൾ ചേർക്കുവാനുള്ള പുളിപ്പായി മാറ്റി വയ്ക്കുന്നു.

ശ്ലൈഹീക സഭകളിൽ എല്ലാം തന്നെ ഇത്തരത്തിൽ ഉള്ള ഒരു പിന്തുടർച്ച നമുക്ക് കാണുവാൻ കഴിയും.

നമ്മുടെ സഭയിലും ഉദയംപേരൂർ യോഗം വരെ പുളിപ്പുള്ള അപ്പം ഉപയോഗിച്ചിരുന്നു. പാശ്ചാത്യ സഭയിൽ പുളിപ്പ് പാപത്തിന്റെ പ്രതീകമായിരുന്നു.അതിനാൽ അവർ പുളിപ്പില്ലാത്ത അപ്പം ഉപയോഗിച്ചു. തങ്ങളുടെ ആശയങ്ങൾ അവർ നമ്മുടെ മേലും അടിച്ചേൽപ്പിച്ചു. പുളിപ്പില്ലാത്ത അപ്പം ഉപയോഗിക്കാൻ നമ്മെ നിർബന്ധിച്ചു.അങ്ങനെ നമ്മുടെ വിശുദ്ധ പാരമ്പര്യം ഔദ്യോഗികമായി അവർ നിരോധിച്ചു.
1962-ൽ സീറോ മലബാർ സഭ പ്രസിദ്ധീകരിച്ച മലയാളം തക്സയിലും പുളിപ്പുള്ള അപ്പത്തെക്കുറിച്ച് പറയുന്നുണ്ട്.
നമ്മൾ അപ്പം തയ്യാറാക്കിയിരുന്നത് എങ്ങനെ എന്ന് നോക്കാം.
കുർബാനയ്ക്കുള്ള അപ്പം അതത് പള്ളികളിൽ തന്നെ തലേദിവസം തയ്യാറാക്കിയിരുന്നു.തലേദിവസം രാവിലെ ഗോതമ്പ്‌ പൊടിയും അൽപം പുളിമാവും മൽക്കയും ചൂടുവെള്ളവും എണ്ണയും ചേർത്ത് കുഴച്ച് വയ്ക്കുന്നു.വൈകുന്നേരം റംശാ നമസ്കാരത്തോട് ചേർന്ന് അടുപ്പിൽ അപ്പം ചുടുന്നു.ഇതിനായി മദ്‌ബഹായുടെ മുകളിൽ പ്രത്യേക സൗകര്യം ഉണ്ടായിരുന്നു.
രാവിലെ കുഴച്ച് വച്ച മാവ് സ്ലീവായുള്ള മുദ്രകൾ ഉപയോഗിച്ച് പരത്തി കല്ലിൽ ചുട്ടെടുക്കുന്നു.ഇൗ അപ്പത്തിന് ബുക്റാ അഥവാ ആദ്യജാതൻ എന്നായിരുന്നു പറഞ്ഞിരുന്നത്. മൽക്കയുടെ സാന്നിധ്യം ഉള്ളതിനാൽ ഇൗ അപ്പം വിശുദ്ധമായിരുന്നു.ഭക്തിയോടെ അവർ ഇത് താമരയിലയിൽ പൊതിഞ്ഞ് മദ്ബഹായുടെ മുകളിൽ നിന്ന് തൂക്കി ഇട്ടിരുന്നു.
അപ്പം ചുടുന്ന സമയത്ത് തന്നെ ഉണക്കമുന്തിരി വെള്ളത്തിൽ ഇട്ട് വയ്ക്കുന്നു.പിറ്റേന്ന് പ്രഭാതത്തിൽ പരിശുദ്ധ കുർബാനയ്ക്ക്‌ മുൻപ് ഇത് പിഴിഞ്ഞ് നീരെടുത്ത് അരിച്ച് അത് വീഞ്ഞായി ഉപയോഗിച്ചിരുന്നു.
ഇതൊക്കെ മാറി ഓസ്തിയും ചെറിയ രീതിയിൽ വീര്യമുള്ള വീഞ്ഞും ഉപയോഗിക്കാൻ തുടങ്ങിയത് ഇൗ അടുത്ത കാലത്താണ്.
നമ്മുടെ പരിശുദ്ധ കുർബാനയിലെ മ്ശീഹാ 'കർത്താവിൻ തിരുമെയ് നിണവുമിതാ........' എന്ന ഒാനീസാ ദ് റാസ (ദിവ്യ രഹസ്യ ഗീതം) ശ്രദ്ധിച്ചാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്.കൂദാശ ചെയ്യപ്പെടുന്നതിന് മുൻപ് തന്നെ അപ്പത്തെ "കർത്താവിൻ തിരുമെയ് നിണവുമിതാ........" എന്നാണ് വിശേഷിപ്പിക്കുന്നത്.ഇത് അതിലുള്ള വിശുദ്ധ പുളിപ്പിനെ - മ്ശീഹായെ - സൂചിപ്പിക്കുന്നു.
മാത്രമല്ല നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന ഒന്നാമത്തെ കൂദാശക്രമമായ മാർ അദ്ദൈ മാർ മാറി എന്നിവരുടെ കുർബാന ക്രമത്തിൽ യഥാർത്ഥത്തിൽ സ്ഥാപനവാക്യങ്ങൾ ഇല്ല,അത് കൂട്ടി ചേർത്തത് ഉദയംപേരൂർ യോഗത്തിൽ വച്ചാണ്.ഏറ്റവും പുരാതനമായ അനാഫൊറയും ഇതാണല്ലോ.മ്ശീഹായുടെ സാന്നിധ്യം അഥവാ മൽക്ക ഉള്ളതിനാലാണ് സ്ഥാപന വാക്യങ്ങൾ ഇല്ലാതിരുന്നത്.
ഒരേ അപ്പത്തിൽ നിന്നാണ് പുരോഹിതനും ദൈവജനവും ഭക്ഷിച്ചിരുന്നത്.ഇതിനായി ഇൗ അപ്പം നുറുക്കേണ്ടിയിരുന്നു.അതിനാൽത്തന്നെ നമ്മുടെ പരിശുദ്ധ കുർബാനയിൽ വിഭജന ശുശ്രൂഷ ദൈർഘ്യമേറിയതാണ്.

സുറിയാനി സഭാ പിതാവായ മാർ നർസൈ (+502) അദ്ദേഹത്തിന്റെ "റാസയുടെ വ്യാഖ്യാനം" എന്ന ഒരു വിവരണത്തിൽ ഇപ്രകാരം പറയുന്നു "........ ഇപ്പോൾ അദ്ദേഹം (പുരോഹിതൻ) വന്നിരിക്കുന്ന എല്ലാവർക്കും സ്വീകരിക്കുവാൻ സാധിക്കുമാറ് തന്റെ കയ്യിൽ ഇരിക്കുന്ന തിരുശരീരം തീരെ ചെറിയ കഷണങ്ങളായി നുറുക്കുന്നു......."

"ഈശോയുടെ പെസഹാ ആചരണവുമായി ഓരോ വൈദികനും അർപ്പിക്കുന്ന പരിശുദ്ധ കുർബാനയെ ബന്ധിപ്പിക്കുന്ന കണ്ണിയാണ് വിശുദ്ധ മൽക്ക"

കൈത്താക്കാലത്തെ ഞായറാഴ്ചത്തെ സപ്രായിൽ ഒാനീസാ ദ് സപ്രായിൽ ഇപ്രകാരം കാണാം.....
"ദൈവികരാജ്യം ധരയിതിലെങ്ങും
പുളിമാവിൻ സമമല്ലോ നൂനം
പന്തിരുനാഴിവരും യവമാവിൽ
നാരികുഴച്ചതു വച്ചീടുന്നു
പുളിമാവിൻ രസമായവ മാവിൻ
പിണ്ഡം മുഴുവൻ പുളിയേറ്റുന്നു."

ഇൗ ഹമീറ റൂശ്മ ചെയ്യപ്പെടുകയും പവിത്രീകരിക്കപ്പെടുകയുംകലർത്തപ്പെടുകയും നവീകരിക്കപ്പെടുകയും ഏകീകരിക്കപ്പെടുകയും ചെയ്യുന്നു.
നമ്മുടെ കർത്താവ് ഈശോ മ്ശീഹായുടെ പരിശുദ്ധവും പഴയതുമായ ഇൗ
ഹമീറ, ഇൗ പൂർവ്വ (കിഴക്ക് ) ദേശത്തിന്റെ ശിഷ്യന്മാരായ ഭാഗ്യപ്പെട്ടവനായ
മാർ തോമ്മാ ശ്ലീഹാ, ആത്മീയ പിതാക്കന്മാരായ മാർ മാറി, മാർ അദ്ദൈ, എന്നിവരാലും മറ്റ് പിതാക്കന്മാരാലും നമ്മിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടതും,
ജീവിപ്പിക്കുന്ന റാസയുടെ ജീവനുള്ള അപ്പത്തിന്റെ പരികർമ്മത്തിനും
ഇടപഴകലിനും, എവിടെയെല്ലാമാണോ ആവശ്യം ക്ഷണിക്കപ്പെടുന്നത്,
അവിടേയ്ക്കുമായി ദേശങ്ങളിൽ നിന്നും ദേശങ്ങളിലേക്കും ഒരു സ്ഥലത്ത് നിന്നും
മറ്റൊരിടത്തേയ്ക്കും മാറ്റപ്പെട്ടതും ആകുന്നു.
ബാവായുടെയും പുത്രന്റെയും റൂഹാദ്കുദ്ശായുടെയും നാമത്തിൽ.
ആമ്മേൻ. [ܡܸܬ݂ܪܫܸܡ ܘܡܸܬ݂ܩܲܕܲܫ ܘܡܸܬ݂ܚܲܠܲܛ ܘܡܸܬ݂ܚܲܕܲܬ݂ ܘܡܸܬ݂ܚܲܝܲܕ݂ ܣܡܝܼܕ݂ܵܐ ܗܵܢܵܐ: ܒܲܚܡܝܼܪܵܐ ܗܵܢܵܐ ܩܲܕܝܼܫܵܐ ܘܥܲܬ݁ܝܼܩܵܐ ܕܡܵܪܲܢ ܝܼܫܘܿܥ ܡܫܝܼܚܵܐ. ܕܐܸܬ݂ܝܲܒܲܠ ܠܘܵܬܲܢ ܡ݂ܢ ܐܲܒ݂ܵܗܲܝ̈ܢ ܪ̈ܘܼܚܵܢܹܐ ܡ݂ܢ ܐܲܒܼܵܗܲܝ̈ܢ ܪ̈ܘܼܚܵܢܹܐ ܡܵܪܝ ܡܵܐܪܝܼ ܘܡܵܪܝ ܐܲܕܵܝ ܘܡܵܪܝ ܬܐܘܿܡܵܐ ܫܠܝܼܚܹ̈ܐ ܛܘܼܒܼܵܢܹ̈ܐ ܡܬܲܠܡܕ݂ܵܢܹ̈ܐ ܕܲܦܢܝܼܬ݂ܵܐ ܗܵܕܹܐ ܕܡܲܕ݂ܢܚܵܐ. ܘܲܕ݂ܢܸܫܬܲܢܸܐ ܡ݂ܢ ܕܘܼܟ ܠܕ݂ܘܼܟ: ܡ݂ܢ ܐܲܬܲܪ ܠܲܐܚܪܹܝܢ: ܠܫܘܼܡܠܵܝܵܐ ܘܲܠܚܘܼܠܛܵܢܵܐ ܕܒܲܩܨܵܬ݂ܵܐ ܚܲܝܬ݂ܵܐ ܕܐ݇ܪ̈ܵܙܹܐ ܡܲܚܝܵܢܹ̈ܐ: ܟܠ ܐܸܡܲܬ݂ܝ ܕܩܵܪܝܵܐ ܥܸܠܬ݂ܵܐ ܕܐܵܢܵܢܩܹܐ. ܒܫܸܡ ܐܲܒܼܵܐ ܘܲܒܼܪܵܐ ܘܪܘܼܚܵܐ ܕܩܘܼܕ݂ܫܵܐ ܠܥܵܠܡܝܼܢ.]

(- വിശുദ്ധ മൽക്ക വർധിപ്പിക്കുന്ന ക്രമത്തിൽ നിന്നും)

പൗരസ്ത്യ സുറിയാനി സഭയ്ക്ക് വിശുദ്ധ പുളിപ്പും വിശുദ്ധ തൈലവും കൂദാശകളാണ്.

ലഹമ്മാ (പുളിപ്പുള്ള അപ്പം) യും ഹമറാ (മുന്തിരിച്ചാർ) യും ഉണ്ടാക്കുന്ന ക്രമം.


തലേന്ന് രാവിലെയാണ് ഇത് ആരംഭിക്കുന്നത്.രാവിലെ ആവശ്യത്തിനുള്ള കോതമ്പ്‌ പൊടിയും ആവശ്യത്തിന് ഒലിവെണ്ണയും യീസ്റ്റും ചൂടുവെള്ളത്തിൽ (ചപ്പാത്തി മാവിന്റെ പരുവത്തിൽ) കുഴച്ചെടുക്കുന്നു.ഇതിലേയ്ക്ക് ചെറിയൊരു അംശം മൽക്കയും ചേർത്തത് കുഴയ്ക്കുന്നു.ഇത് രണ്ട് ഭാഗമായി പകുത്ത്,കൈകൊണ്ട് ചെറിയ നീളത്തിൽ പരത്തി എടുക്കുന്നു.ഒന്നിന് മുകളിൽ ഒന്നായി ഇവ രണ്ടും സ്ലീവാ ആകൃതിയിൽ ചേർത്ത് വച്ച് വൈകുന്നേരം വരെ അടച്ച് സൂക്ഷിക്കുന്നു.വൈകുന്നേരം  റംശാ നമസ്കാരത്തോട് ചേർന്ന് ഇൗ മാവ് ഒരു അപ്പത്തിന് വേണ്ട വലുപ്പത്തിൽ ചെറിയ ഉരുളകളാക്കി സ്ലീവാകളാൽ മുദ്രിതമായ വട്ടത്തിലുള്ള അച്ചുകൾ ഉപയോഗിച്ച് പരത്തി എടുക്കുന്നു. മാവ് അച്ചിൽ പറ്റിപ്പിടിക്കാതെ ഇരിക്കുവാനായി അച്ചിൽ നല്ലപോലെ ഒലിവെണ്ണ തേച്ച് പിടിപ്പിക്കുക.
ഇൗ അപ്പം അടുപ്പിൽ വച്ചിരിക്കുന്ന കല്ലിൽ വച്ച് ചുട്ടെടുക്കുന്നു.
ചൂടാറിയ ശേഷം അപ്പം ഭദ്രമായി പാത്രത്തിൽ അടച്ച് പിറ്റേന്ന് കുർബാനയ്ക്ക് വേണ്ടി സൂക്ഷിക്കുന്നു.

ഇതോടൊപ്പം ആവശ്യത്തിനുള്ള ഉണക്കമുന്തിരി ആവശ്യത്തിനുള്ള വെള്ളത്തിൽ ഇട്ട് മൂടി വയ്ക്കുന്നു.രാവിലെ പരിശുദ്ധ കുർബാനയ്ക്ക് മുൻപ് ഇത് പിഴിഞ്ഞ് നീര് അരിച്ചെടുക്കുന്നു.ഇത് കുർബാനയ്ക്കുള്ള വീഞ്ഞായി ഉപയോഗിക്കുന്നു.

മൽക്ക പുതുക്കുന്ന ക്രമം.
പെസഹാ വ്യാഴാഴ്ച്ചയാണ് ഇത് നടത്തുന്നത്.
നിലവിലുള്ള മൽക്ക ഉണങ്ങിയ വൃത്തിയുള്ള പാത്രത്തിൽ മദ്ബഹായിൽ എടുത്ത് വയ്ക്കുന്നു.നന്നായി പൊടിച്ച് ഉണങ്ങിയ കോതമ്പ്‌ പൊടി മൂന്നിൽ രണ്ട് ഭാഗം(ഉദാ:200 ഗ്രാം),ശുദ്ധമായി ഉണങ്ങിയ കല്ലുപ്പ് മൂന്നിൽ ഒരു ഭാഗം (ഉദാ:100 ഗ്രാം), ഒലിവെണ്ണ,വെള്ളം എന്നിവ ഒരുക്കി വയ്ക്കുന്നു.
നേരത്തെ തന്നെ കോതമ്പ്‌ പൊടിയും ഉപ്പും രണ്ടുമൂന്നു ദിവസം നല്ല വെയിലിൽ ഉണക്കി വയ്ക്കണം.

ശുശ്രൂഷി മുഴുവൻ സമയവും ധൂപിയ്ക്കുന്നു.

കർമ്മക്രമം ആരംഭിക്കുന്നു. പഴയ മൽക്കയും പുതിയ മാവുമായി കലർത്തുന്ന വേളയിൽ മസ്മോറ 82 മുതൽ തുടങ്ങുന്ന മൂന്ന് ഹൂലാലകൾ (മസ്മോറ 82-108) വിശ്വാസികൾ രണ്ട് പാദമായി ചൊല്ലുന്നു. (മൂന്ന് മസ്മോറകൾ ചേരുന്നത് ഒരു മർമ്മീസാ, മൂന്ന് മാർമ്മീസാ ചേരുന്നത് ഒരു ഹൂലാല)

ഗോതമ്പ്‌ പൊടിയിലേക്ക് നിലവിലുള്ള മൽക്ക ചേർക്കുന്നു.ഇതിലേക്ക് ഉണങ്ങിയ ഉപ്പും ചേർത്ത് ഇളക്കുന്നു.ഇതിലേക്ക് മാമ്മോദീസയുടെ പ്രതീകമായി മൂന്ന് തുള്ളി ഒലിവെണ്ണയും ഒരു തുള്ളി വെള്ളവും ചേർത്ത് ഇളക്കുന്നു.ഇത് പിന്നീട് രണ്ടുമൂന്ന് ദിവസം ഉണങ്ങി ജലാംശം മുഴുവൻ കളയുന്നു.കാറ്റ് കയറാത്ത പാത്രത്തിൽ അടച്ച് ഈർപ്പം ഇല്ലാത്ത സ്ഥലത്ത് ഭദ്രമായി സൂക്ഷിക്കുന്നു.
ഉപ്പ് ഉള്ളതുകൊണ്ട് പൂപ്പൽ ഉണ്ടാകാൻ സാധ്യത ഉണ്ട്, പൂത്ത് പോകാതിരിക്കാൻ ഇടയ്ക്കിടയ്ക്ക് വെയിലിൽ ഉണക്കണം.അപ്പം സൂക്ഷിച്ച് വയ്ക്കുമ്പോൾ അത് പൂത്ത് പോയാലോ മാവ് നിലത്ത് വീണാലോ മൽക്ക പൂത്ത് പോയാലോ, അവ തീയിൽ ദഹിപ്പിക്കണം.

(മൽക്കായെ കുറിച്ച് ആർട്ടിക്കിൾ തയ്യാറാക്കിയത് ഫെബിൻ ജോർജ് മൂക്കംതടത്തിൽ)

സഹായക ഉറവിടങ്ങൾ.

1. മല്പാൻ മല്പാനേ കൂനമ്മാക്കൽ തോമ്മാ കത്തനാർ.
2.THE SACRAMENT OF THE HOLY LEAVEN (MALKĀ) IN THE ASSYRIAN CHURCH OF THE EAST. Mar Awa Royel, Bishop of California, Secretary of the Holy Synod of the Assyrian Church of the East.
3.Rithin Varghese Chilambuttusseri.
4.'Subsidiary Mysteries in the East' ; Fr.Lonappan Arangassery.
5.'Structure of Syro Malabar Church' ;Fr.Pauly Maniyatt.
6. തക്‌സാ പ്രാർഥനകൾ IV; കൽദായ സുറിയാനി സഭ.
7. സീറോ മലബാർ സഭയുടെ കുർബാന ഒരു പഠനം, ഡോ.തോമസ് മണ്ണൂരാംപറമ്പിൽ.
8. സീറോ മലബാർ സഭയുടെ കുർബാന തക്സ 1962.
9. മൽക്ക; കിഴക്കിന്റെ സാക്ഷ്യം.
10. മാർഗാനീസാ; മാർ ഔദീശോ മെത്രാപോലീത്ത.
11. കേരളത്തിലെ പൗരസ്ത്യ സുറിയാനി കത്തോലിക്കരുടെ കുർബാന; ഫാ. ഫാബിയൻ ടി. ഓ. സി. ഡി.
12. Preface to the book “Subsidiary Mysteries in The East”; Powathil Mar Ouseph Metropolitan.
13.The Spiritual Heritage of St.Thomas Christians; Dr. James Aerthayil CMI
14. The Sacrament of The Holy Leaven “Malka” In The Church Of The East; Mar Bawai Soro,  San Jose, California.
15.'The Historic Agreement on the Eucharist Between the Catholic Church and the Assyrian Church of the East' ; Robert F. Taft, SJ.
16.'SACRAMENTS OF THE CHURCH OF THE EAST' Most Rev. Dr. Mar Aprem https://archive.org/details/sacramentsofchur0000mara
17.'COMMON STATEMENT ON ‘SACRAMENTAL LIFE' ; JOINT COMMITTEE FOR THEOLOGICAL DIALOGUE
BETWEEN THE CATHOLIC CHURCH AND THE ASSYRIAN CHURCH OF THE EAST.
18.Hudara.
19.Nasrani Media.
20.Internet Sources.
21. ഇന്ത്യ പതിനഞ്ചാം നൂറ്റാണ്ടിൽ,  ഇൻഡ്യാക്കാരൻ  ജോസഫ് 1501-ൽ വെനീസിൽ വച്ച് നൽകിയ വിവരണം; വിവർത്തകൻ: റവ. ഡോ. ജോർജ് കുരുക്കൂർ.
22. Jornada of Dom Alexis De Menesis; Antonio de Gouvea.