മ്ശംശാന

Posted by Nazrani Margam on 23:41:00
ആദിമസഭയിൽ ശ്ലീഹന്മാരുടെ സഹായകരായി സുസമ്മതരും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ ശുശ്രൂഷകൾ നിർവ്വഹിക്കാനായി തെരഞ്ഞെടുത്തതിനേക്കുറിച്ച് അപ്പസ്തോല പ്രവർത്തനങ്ങളുടെ ആറാം അദ്ധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്. വിശ്വാസതീക്ഷണതയാൽ ജ്വലിക്കുന്നവരും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്നവരുമായ വ്യക്തികളാണ് ഡീക്കന്മാർ അഥവാ മ്ശംശാനാമാർ. പിൽക്കാലത്ത് സഭയിൽ മുടങ്ങിപ്പോയ ആ പാരമ്പര്യം നൂറ്റാണ്ടുകൾക്കുശേഷം വീണ്ടെടുത്ത ചരിത്രസംഭവമാണ്, 2015 നവംബർ 12-ാം തീയതി കാഞ്ഞിരപ്പള്ളി രൂപാതാദ്ധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ നല്ലതണ്ണി മാർത്തോമ്മാശ്ലീഹാ ദയാറായിലെ അംഗമായ മാളിയംപുരയ്ക്കൽ സെബാസ്റ്റ്യന് 'സ്ഥിരം ഡീക്കൻ' പട്ടം നല്കിയതിലൂടെ അരങ്ങേറിയത്. പൗരസ്ത്യസഭകൾക്കുവേണ്ടി രണ്ടാം വത്തിക്കാൻ കൗൺസിൽ എടുത്ത സുപ്രധാന തീരുമാനങ്ങളിലൊന്നാണ് സ്ഥിരം ഡീക്കൻപദവിയുടെ പുനരുദ്ധാരണം. ദൈവകൃപയാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ സമാപനത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഈ വർഷത്തിൽ സീറോ മലബാർ സഭയിൽ ആദ്യമായി സ്ഥിരം  ഡീക്കൻപട്ടം നൽകപ്പെട്ടിരിക്കുന്നു . പുളിങ്കുന്ന് ഇടവകയിലെ പരേതരായ മാളിയംപുരയ്ക്കൽ അവിരാ- മറിയക്കുട്ടി ദമ്പതികളുടെ മകനാണ് നിയുക്ത ഡീക്കൻ ബഹുമാനപ്പെട്ട സെബാസ്റ്റ്യൻ മാളിയംപുരയ്ക്കൽ. അദ്ദേഹത്തിന് നസ്രാണി മാർഗ്ഗത്തിന്റെ പ്രാർത്ഥനാ മംഗളങ്ങൾ...