ശ്ലീഹാക്കാലത്തിൽ ചൊല്ലുവാൻ സാധിക്കുന്ന ജപമാല രഹസ്യങ്ങൾ

Posted by Nazrani Margam on 11:11:00

സ്നേഹമുള്ളവരെ,
ഇന്ന് റംശായോടു കൂടി ശ്ലീഹാക്കാലം ആരംഭിച്ചുവല്ലോ!
ശ്ലീഹാക്കാലത്തിന്റെ ചൈതന്യത്തിൽ കുടുംബപ്രാർത്ഥനയിലും, സ്വകാര്യ പ്രാർത്ഥനയിലും ചൊല്ലുവാൻ സാധിക്കുന്ന ജപമാലയുടെ ധ്യാനരഹസ്യങ്ങൾ ഇതോടൊപ്പം പങ്കുവെയ്ക്കുന്നു.

ഒന്നാം രഹസ്യം
(ശ്ലീഹാ 02:1-13, യോഹന്നാൻ 14:15-26)
പരിശുദ്ധ ദൈവമാതാവേ, അങ്ങേ തിരുക്കുമാരൻ സ്വർഗ്ഗാരോഹണം ചെയ്തതിന്റെ പത്താം ദിവസം സെഹിയോൻ ശാലയിൽ ധ്യാനിച്ചിരുന്ന തന്റെ ശിഷ്യൻമാരുടെ മേലും അങ്ങയുടെ മേലും പരിശുദ്ധാൽമാവിനെ അയച്ചതിനെ ഓർത്ത് ധ്യാനിക്കുന്ന ഞങ്ങൾ പരിശുദ്ധാൽമാവിന്റെ കൃപാവരത്താൽ ദൈവതിരുമനസ്സ് അനുസരിച്ചു ജീവിക്കുവാൻ സഹായിക്കണമേ.
1 സ്വർഗ്ഗ, 10നന്മ, 1ത്രിത്വ

രണ്ടാം രഹസ്യം
(ശ്ലീഹാ 21:37-42, യോഹ 16:07-15)
പരിശുദ്ധ ദൈവമാതാവേ നിന്റെ തിരുക്കുമാരൻ സഭയുടെ തലവനായി നിയോഗിച്ച പത്രോസ് ശ്ലീഹാ പന്തക്കുസ്താ ദിവസം പരിശുദ്ധാൽമാവിനാൽ നിറഞ്ഞവനായി സുവിശേഷം പ്രഘോഷിക്കുകയും അങ്ങനെ ജറുസലേമിൽ ആദിമസഭാ സമൂഹം സ്ഥാപിക്കപ്പെടുകയും ചെയ്തതിനെയോർത്ത് ധ്യാനിക്കുന്ന ഞങ്ങൾ ആദിമ സഭയുടെ ചൈതന്യത്തിൽ വളരുവാൻ സഹായിക്കണമേ.
1 സ്വർഗ്ഗ, 10നന്മ, 1ത്രിത്വ

മൂന്നാം രഹസ്യം
(ശ്ലീഹാ 03:01-10)
പരിശുദ്ധ ദൈവമാതാവേ, നിന്റെ തിരുക്കുമാരന്റെ വത്സലശിഷ്യൻമാരായ പത്രോസും യോഹന്നാനും ദൈവാലയ കവാടത്തിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന മുടന്തനെ ഈശോമിശിഹായുടെ നാമത്തിൽ സുഖപെടുത്തിയതിനെയോർത്ത് ധ്യാനിക്കുന്ന ഞങ്ങൾ ദൈവദാനമായി ലഭിച്ച കൃപാവരങ്ങൾ വഴി സഹജർക്ക് നന്മകൾ ചെയ്യുവാൻ സഹായിക്കണമേ.
1 സ്വർഗ്ഗ, 10നന്മ, 1ത്രിത്വ

നാലാം രഹസ്യം
(ശ്ലീഹാ 04:32, 5:11)
പരിശുദ്ധ ദൈവമാതാവേ, പരിശുദ്ധാൽമാവിൽ നിന്ന് ശക്തി ധരിച്ച ശ്ലീഹന്മാരാൽ നയിക്കപ്പെട്ടിരുന്ന ആദിമസഭയുടെ ചൈതന്യത്തിന് നിരക്കാത്തവിധം വിശുദ്ധ പത്രോസിന്റെ മുമ്പിൽ വ്യാജം പ്രവർത്തിച്ച ദമ്പതികൾ ശിക്ഷിക്കപ്പെട്ടതിനെയോർത്ത് ധ്യാനിക്കുന്ന ഞങ്ങളുടെ കുടുംബങ്ങളെ ദൈവസ്നേഹ ചൈതന്യത്താൽ നിറയ്ക്കുവാൻ സഹായിക്കണമേ.
1 സ്വർഗ്ഗ, 10നന്മ, 1ത്രിത്വ

അഞ്ചാം രഹസ്യം
(ശ്ലീഹാ 11:01-16)
പരിശുദ്ധ ദൈവമാതാവേ, ലോകത്തിന്റെ അതിർത്തികൾവരെ സാക്ഷ്യം വഹിക്കാനുള്ള നിന്റെ തിരുക്കുമാരന്റെ ആഹ്വാനം ശ്രവിച്ച മാർത്തോമ്മാ ശ്ലീഹാ വിദൂരസ്ഥമായ ഇ ഭാരതത്തിൽ വന്ന് ഞങ്ങൾക്ക് വിശ്വാസം പകർന്നു തരുകയും ഇവിടെ രക്തസാക്ഷിയായി മരിക്കുകയും ചെയ്തതിനെയോർത്ത് ധ്യാനിക്കുന്ന ഞങ്ങൾ ഈശോയ്ക്ക് വേണ്ടി മരിക്കുവാൻ പോലും സന്നദ്ധരാകുവാൻ സഹായിക്കണമേ.
1 സ്വർഗ്ഗ, 10നന്മ, 1ത്രിത്വ