കര്‍ഷക നിയമങ്ങളും ജനാധിപത്യത്തോടുള്ള പരിഹാസവും - സി. റാണി പുന്നശ്ശേരി എച്ച്.സി.എം.

Posted by Nazrani Margam on 22:37:00

കര്‍ഷക സമരം ഇന്ത്യയില്‍ നിന്നും ഇപ്പോള്‍ ലോകത്തിന്‍റെ തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നു. എന്നാല്‍ ഇതിന്‍റെ ഗൗരവം പലരും മനസ്സിലാക്കിയിട്ടില്ല. ഈ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ കാര്‍ഷിക മേഖല കോര്‍പ്പറേറ്റുകളുടെ കാരുണ്യത്തിലേക്കും, ഇന്ത്യ കോര്‍പ്പറേറ്റ് കാര്‍ഷിക മേഖലയായി മാറുമെന്നും കര്‍ഷകര്‍ ആശങ്കപ്പെടുന്നു.

ആയിരത്തില്‍പരം കര്‍ഷകരും അവരുടെ യൂണിയനുകളും ദില്ലിയുടെ മൂന്ന് ഭാഗങ്ങളായി തമ്പടിച്ചിരിക്കുന്നു. സിങ്കു തിക്രി, ഖാസിപ്പൂര്‍ അതിര്‍ത്തികള്‍ കര്‍ഷക സമരത്തിന്‍റെ പ്രധാനമേഖലകളായി മാറിയിരിക്കുന്നു. ഇത് കര്‍ഷകരോട് ഐക്യവും, തങ്ങളുടെ ആശങ്കയും പങ്കുവെയ്ക്കുവാന്‍ ജീവിതത്തിന്‍റെ നാനാതുറകളിലുള്ളവരുടെ വേദിയുമാകുന്നു.

കര്‍ഷക നിയമങ്ങള്‍ എന്താണ് ?

1) കര്‍ഷകരുടെ ഉത്പാദന വ്യാപാര വാണിജ്യ നിയമം : 

കാര്‍ഷിക ഉല്‍പാദന വിപണന സമിതി  (എ.പി.എം.സി.) ഇല്ലാതെ കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അനുവദിക്കുന്ന ഒരു സംവിധാനം നിയമം വ്യവസ്ഥ ചെയ്യുന്നു. ഏതൊരു അംഗീകൃത വ്യാപാരിക്കും പരസ്പരം അംഗീകരിച്ച വിലയ്ക്ക് കര്‍ഷകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങാം. ഇത് സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള മണ്ഡിനികുതിയില്‍ നിന്നും ഒഴിവാക്കപ്പെടും.

2) കര്‍ഷകര്‍ക്ക് (ശാക്തീകരണവും സംരക്ഷണവും) വില ഉറപ്പിന്‍റേയും കാര്‍ഷിക സേവനങ്ങളുടേയും കരാര്‍

കരാര്‍ കൃഷി ചെയ്യുവാനും, അവരുടെ ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി വില്‍ക്കുവാനും ഈ നിയമം അനുവദിക്കുന്നു.

3) ആവശ്യ ചരക്ക് നിയമത്തിലെ ഭേദഗതി

അസാധാരണമായ സാഹചര്യത്തില്‍ ഒഴികെ സ്വര്‍ഗ്ഗം, പഴവര്‍ഗ്ഗങ്ങള്‍, സവോള, ഭക്ഷ്യ എണ്ണ എന്നിവ വ്യാപാരത്തിനു സ്വാതന്ത്രമാകുന്നു. 


കര്‍ഷകരുടെ ആശങ്കകള്‍

1) സിങ്കു, ദില്ലി അതിര്‍ത്തിയിലെ കര്‍ഷകരെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ പങ്കുവെച്ച പ്രധാന ഉത്കണ്ഠ  താങ്ങുവില (എം.എസ്.പി.) ഫലപ്രദമല്ലാതാകുമെന്നതാണ്. നിലവില്‍ നെല്ല്, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങള്‍ക്ക് കൃത്യമായി താങ്ങുവില നല്‍കി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ വാങ്ങുന്നുണ്ട്. ഇത് കര്‍ഷകര്‍ക്ക് വലിയൊരാശ്വാസമാണ്. എന്നാല്‍ പുതിയ ഭേദഗതിക്കുള്ളില്‍ താങ്ങുവിലയെപ്പറ്റി വ്യക്തമായ നിര്‍വ്വചനം കൊടുത്തിട്ടില്ല. 

2) എ.പി.എം.സി.ക്ക് പുറത്ത് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അവസരം ഒരുങ്ങുന്നത് വഴി എ.പി.എം.സി. ഇല്ലാതാകുകയും ഭാവിയില്‍ കോര്‍പ്പറേറ്റുകള്‍ നിശ്ചയിക്കുന്ന തുകയ്ക്ക് കാര്‍ഷികോല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരുമാകും.

3) കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ സ്വകാര്യ നിക്ഷേപത്തിന് നിയമങ്ങള്‍ അവസരമൊരുക്കുന്നു. കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയുടെ സംശുദ്ധി പലപ്പോഴും ചോദ്യചിഹ്നമാണ്. 

4. പുതിയ നിയമം അനുസരിച്ച് എ.പി.എം.സി. പ്രകാരമുള്ള മണ്ഡികള്‍ നിര്‍ത്തലാക്കപ്പെടുകയും കൃഷിക്കാര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കോര്‍പ്പറേറ്റ്  കമ്പനികള്‍ക്ക് തുച്ഛമായ വിലയില്‍  കൊടുക്കുവാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും. ചുരുക്കത്തില്‍ നിയമപരിഷ്കരണവും കുത്തകകള്‍ക്ക് വളരുവാനുള്ള അവസരമൊരുക്കുന്നു.

5. ഇന്ത്യയിലെ ഗ്രാമങ്ങളിലെ കൃഷി, കര്‍ഷകരെ മാത്രമല്ല കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന ധാരാളം കുടുംബങ്ങള്‍ക്കും ഒരാശ്രയമാണ്. കോര്‍പ്പറേറ്റുകളുടെ ഈ മേഖലയിലെ കടന്നുകയറ്റം ധാരാളം കുടുംബങ്ങളെ പ്രതിസന്ധിയിലാഴ്ത്തും. 

6. കരാര്‍ കൃഷിയില്‍ എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ കര്‍ഷകരുടെ താല്പര്യങ്ങള്‍ അവണിക്കപ്പെടുവാനും അവരുടെ ഭൂമി അന്യാധീനമാകുവാനും ഇതുവഴി കോര്‍പ്പറേറ്റുകള്‍ക്ക് തങ്ങള്‍ അടിമകളാകുവാനും പുതിയ 'തര്‍ക്ക പരിഹാര ചട്ടങ്ങള്‍' വഴിയൊരുക്കുന്നു. ഇതിലെ സെക്ഷന്‍ 15 പ്രകാരം തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ ഒരു സിവില്‍ കോടതിക്കും ഇതിന്മേല്‍ കേസോ നടപടികളോ കൈക്കൊള്ളാന്‍ അധികാരമില്ല.


"പ്രായമായ പുരുഷന്മാരും സ്ത്രീകളും കാര്‍ഷിക മേഖലയെ ബിസിനസ്സ് സാമ്രാട്ടുകള്‍ക്ക് പണയം വയ്ക്കാതിരിക്കാന്‍, തണുത്തുറഞ്ഞ കാലാവസ്ഥയില്‍ വഴിയരുകിലിരുന്ന് പോരാടുന്നത് ഹൃദയഭേദകമായ കാഴ്ചയാണ്. സര്‍ക്കാരിന്‍റെ ചെറുത്തുനില്‍പ്പ് ജനാധിപത്യത്തോടുള്ള പരിഹാസമാണ്."


11 വട്ട ചര്‍ച്ചകള്‍ക്കുശേഷവും കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിന്‍റെയോ ഭേഗദതി ചെയ്യുന്നതിന്‍റെയോ ഒരു സൂചനയും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല. പ്രതിക്ഷേധക്കാര്‍ അഭിപ്രായമാറ്റം സൃഷ്ടിക്കുകയോ അത് വെറും വാചോടാപങ്ങള്‍ ആയി മാറുകയോ ചെയ്തിരുന്നാല്‍ പോലും ജനാധിപത്യത്തില്‍ അവര്‍ക്ക് പ്രതിക്ഷേധിക്കാനും സര്‍ക്കാര്‍ അത് മനസ്സിലാക്കുവാനും കടമയുണ്ട്. 

കാര്‍ഷിക തൊഴിലാളി യൂണിയനുകള്‍ പറയുന്നതനുസരിച്ച് റിപ്പബ്ലിക് ദിനത്തില്‍ ദില്ലിയില്‍ നടന്ന റാലി വളരെ വിജയകരമായിരുന്നു. എന്നാല്‍ ചെങ്കോട്ടയില്‍ നടന്ന അഹിംസാ ശ്രമത്തെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള സര്‍ക്കാരിന്‍റെ സ്ഥിര തന്ത്രമാണ് കര്‍ഷകരായി നടക്കുന്ന അവരുടെ അനുയായികള്‍ ചെയ്തത്. ഇതിനു കൊടുക്കേണ്ടി വന്നത് 24 കാരനായ നവരീത് സിങ്ങിന്‍റെ ജീവനും. സര്‍ക്കാര്‍ മനസ്സിലാക്കാത്തത്  കര്‍ഷക സമരത്തിന് രാജ്യമെമ്പാടും സ്വീകാര്യത ഏറുന്നുവെന്നും, കൂടുതല്‍ ആളുകള്‍ കര്‍ഷകരെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നതാണ്. എല്ലാം കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാന്‍ വെമ്പല്‍കൊള്ളുന്ന സര്‍ക്കാര്‍ എങ്ങനെയാണ് കര്‍ഷകന്‍റെ ഭാഗത്തു നിന്നും ചിന്തിക്കുക?

ഐക്യദാര്‍ഡ്യ മുന്നേറ്റങ്ങള്‍

മൊബൈല്‍ നെറ്റുവര്‍ക്കുകള്‍ തടസ്സപ്പെടുത്തിയും വൈദ്യുതി വിഛേദിച്ചും, ജലവിതരണം നിര്‍ത്തലാക്കിയും സര്‍ക്കാര്‍ സമരത്തെ ചെറുക്കുമ്പോള്‍ വസ്തുതകള്‍ പുറം ലോകത്തോട് പരക്കെ പടര്‍ത്തിയ സാമൂഹിക സംഘടനകള്‍ക്കും എന്‍.ജി.ഒ.കള്‍ക്കും നന്ദി. 

ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇന്ത്യന്‍ പൗരന്മാര്‍ നീതിക്കുവേണ്ടി ബധിതരോട് കേഴേണ്ട അവസ്ഥയാണ്.

സഭയുടെ  നിലപാട്

ഏതാനും സംഘടനകളും വ്യക്തികളും ശബ്ദുമുയര്‍ത്തിയതിനപ്പുറം ഈ വിഷയത്തില്‍ സഭയുടെ നിലപാട് എന്താണ് ? 

ഓരോ ക്രിസ്ത്യാനിയുടെയും ചുമതലയാണ് ക്രിസ്തുവിന്‍റെ പ്രബോധനങ്ങളും സഭയുടെ സാമൂഹിക പഠനങ്ങളും ഉള്‍ക്കൊണ്ട് അതുമായി ഐക്ക്യപെട്ട് ജീവിക്കുക എന്നത്. ഇതിന് നമുക്ക് മാതൃകപുരുഷനായി ഉള്ളത് സഭയുടെ തലവനായ വ്യക്തി തന്നെയാണ്. അതിനാല്‍ ഇതിന്‍റെ പര്യവസാനമായി അദ്ദേഹത്തിന്‍റെ വാക്കുകള്‍ തന്നെ ഉപയോഗിക്കുന്നു 'പ്രേക്ഷിത്ത സമൂഹം ആളുകളുടെ ദൈനംദിന ജീവിതത്തില്‍ വാക്കിലും പ്രവൃത്തിയിലും ഇടപെടുന്നു; അത് ദൂരങ്ങള്‍ നികത്തുന്നു, ആവശ്യമെങ്കില്‍ സ്വയം അപമനിതരാകാന്‍ തയ്യാറാകുന്നു, അത് മനുഷ്യജീവിതത്തെ ഉള്‍ക്കൊണ്ട്, അവരിലെ ക്രിസ്തുവിന്‍റെ പീഡകളേറ്റ ശരീരത്തെ സ്പര്‍ശിക്കുന്നു. (സുവിശേഷത്തിന്‍റെ ആനന്ദം, ഫ്രാന്‍സിസ് മാര്‍പ്പാപ)