ജൂലൈ 3 ദുക്റാന തിരുനാൾ... അപ്പന്റെ ആണ്ടു ഖുർബാനയ്ക്കുള്ള ഒരുക്കങ്ങൾ

Posted by Nazrani Margam on 01:32:00
* 'ദുക്റാന' എന്ന സുറിയാനി പദത്തിന്റെ അർത്ഥം ഓർമ്മയാചരണം എന്നാണ്. 


 *ദുക്റാന തിരുനാൾ സഭാ ദിനം, ജാതീയ ദിനം, പിതൃ ദിനം എന്നിങ്ങനെയും അറിയപ്പെടുന്നു. 

*നമ്മുടെ പിതാവായ മാർത്തോമ്മാശ്ലീഹായുടെ ഓർമ്മ ദിനത്തിൽ സർവോൽകൃഷ്ടമായ പരിശുദ്ധ റാസ അർപ്പിക്കാൻ നാം കടപ്പെട്ടിരിക്കുന്നു. ഉത്ഥാന തിരുനാൾ കഴിഞ്ഞാൽ നസ്രാണികളുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളാണിത്. കടമുള്ള ദിവസമായ ദുക്റാനത്തിരുനാളിനെ അർഹിക്കുന്ന പ്രാധാന്യത്തോടെ സമീപിക്കേണ്ടതുണ്ട്.

* ദുക്റാനത്തിരുനാളിനു മുന്നോടിയായി എട്ടു ദിവസത്തെ ഒരുക്കങ്ങളുണ്ട്. ഉപവാസം, പരിശുദ്ധ ഖുർബാനയ്ക്ക് മുമ്പായി സപ്ര നമസ്ക്കാരം, ദൈവാലയത്തിലെ സായാഹ്ന നമസ്ക്കാരങ്ങൾ എന്നിവയാണ് അവ. 

*ദുക്റാന സഭാദിനം കൂടിയാണ്. മാർത്തോമ്മാശ്ലീഹായിൽ നിന്നു രൂപമെടുത്ത നിരവധി വ്യക്തി സഭകളുണ്ട്. ഈ സഭകളുടെയെല്ലാം ഐക്യത്തിനായി പ്രത്യേകം പ്രാർത്ഥിക്കേണ്ട ദിനങ്ങൾ കൂടിയാണിത്. 

*നമ്മുടെ അനന്യമായ വിശ്വാസത്തിന്റെ പ്രതീകമായ മാർത്തോമ്മാസ്ലീവായ്ക്ക് നൽകേണ്ട വണക്കം കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. അതിമഹത്തായ നമ്മുടെ വിശ്വാസപൈതൃകം കാത്തുസൂക്ഷിക്കുന്നതിനും വളർത്തുന്നതിനുമായി മാർത്തോമ്മ നസ്രാണികളായ നാം കൂടുതൽ ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു