അത്തിമരത്തിന്റെ ചില്ലകൾ തളിർക്കുമ്പോൾ

Posted by Nazrani Margam on 05:23:00
ഒരു ദിനം നാമെല്ലാം കാത്തിരിക്കുന്നുണ്ട്. അല്ലെങ്കിൽ തീർച്ചയായും അതു നമ്മെ കാത്തിരിക്കുന്നുണ്ട്...
 കിഴക്കു നിന്നും പടിഞ്ഞാറോട്ടു പായുന്ന മിന്നൽപ്പിണർപോലെ....
 നഭോ മണ്ഡലത്തിൽ ഉദിച്ചുയന്നൊരഗ്നി നക്ഷത്രം പോലെ....
 മേഘത്തേരിൽ ദിവ്യതേജസ്സോടെ മിശിഹാനാഥൻ എഴുന്നള്ളുന്ന ദിനം... അന്തിമഹാകാലത്തിന്റെ കാഹളധ്വനി ചക്രവാളങ്ങളിൽ മുഴങ്ങുമ്പോൾ ഭൂമിയിൽ തീർത്ത മൺകുടീരങ്ങളുപേക്ഷിച്ച് ആത്മശരീരങ്ങളോടെ മൃതരെല്ലാം ഉയർത്തെഴുന്നേൽക്കുന്ന ദിനം..
ചെമ്മരിയാടുകൾ കോലാടുകളിൽ നിന്നും വേർതിരിക്കപ്പെടുന്ന ദിനം... അന്ത്യവിധിയുടെ ദിനം...
അന്ന്, അഭൗമമായ കാന്തിക പ്രഭയിൽ മിന്നിത്തിളങ്ങുന്ന നാഥന്റെ മുഖത്തു നോക്കാൻപോലുമാവാതെ അനുതാപാകുലരായി നാം നില്ക്കുമ്പോൾ....
അവന്റെ വലതുഭാഗത്തെ ഇരിപ്പിടങ്ങളിലേയ്ക്ക് ആശയോടെ നോക്കിയിരിക്കുമ്പോൾ....
 നാം പരിഹസിച്ച മനോരോഗിയും നാം കല്ലെറിഞ്ഞ യാചകനും നാം കൈമലർത്തിക്കാട്ടിയ ദരിദ്രനും അവ കൈവശമാക്കുന്നത് അത്ഭുതത്തോടെ നാം കാണും...
ഭൂമിയിൽ നാം എല്ലാം പാടിയും പ്രഘോഷിച്ചും നടന്ന ദൈവകരുണ എന്താണെന്ന് പൂർണ്ണമായും മനസ്സിലാക്കുന്ന നിമിഷം കൂടിയാവും അത്... നമ്മൾ വില അറിയാതെ പോവുന്ന ചില കാര്യങ്ങളുണ്ട്...
അഗതിയുടെ പൊള്ളുന്ന പനിക്കിടക്കയിൽ അവന്റെ നെറ്റിയിൽ അരുമയായി ചേർത്തുവച്ച സ്നേഹസാന്ദ്രമായ കൈത്തലം പോലെ... 
രാവേറെയായിട്ടും അമ്മയെത്താത്ത കൂട്ടിലെ കളിക്കുഞ്ഞിന്റെ നൊമ്പരം കേട്ടു പിടയുന്ന ഹൃദയം പോലെ... 
വിശുദ്ധവും അതിലളിതവുമായ ചില കാര്യങ്ങൾ. ഇത്തരം ചില ചെറിയ കാര്യങ്ങളാവണം ഒരു പക്ഷേ നമ്മെ അവന്റെ വലതുഭാഗത്തിനർഹരാക്കുന്നത്. 
ചില്ലകളിൽ തളിരിലകളുയർത്തി അത്തിമരം ഗ്രീഷ്മത്തെ കാത്തിരിക്കുംപോലെ മിശിഹായുടെ പ്രത്യാഗമനം വിശ്വാസസമുഹം പാർത്തിരിക്കുന്ന ഈ ആരാധനക്രമ കാലഘട്ടത്തിൽ അവന്റെ വലതുഭാഗത്തിൻഹരാക്കുന്ന വാക്കും പ്രവൃത്തിയും നമ്മുടെ ജീവിതമുദ്രകളാവട്ടെ. നാഥന്റെ മഹാകാരുണ്യത്തിന് നാമെല്ലാം പാത്രീഭൂതരാകട്ടെയെന്ന് പ്രാർത്ഥനയോടെ ....