നീയാകുന്ന പാറമേൽ

Posted by Nazrani Margam on 22:30:00
മരണത്തിന്റെ ഇരുണ്ട വാതായനങ്ങൾ തുറന്ന് രാത്രി വിറങ്ങലിച്ചു നിൽക്കുന്നു....
ഒറ്റുകാരന് രക്തപ്പറമ്പിൽ ഒരു മുഴം കയറെങ്കിൽ ഒറ്റിക്കൊടുക്കപ്പെട്ടവന് നാളെ കാൽവരിയിൽ കുരിശിലെ യാഗബലി......
എരിയുന്ന തീക്കനലിനു സമീപം അതിലേറെയെരിയുന്ന ഹൃദയവുമായിരിക്കുന്ന പത്രോസിനു നേരെ ചാട്ടുളി പോലെ വന്ന ചോദ്യം.
"നീയും അവന്റെ കൂടെ ഉണ്ടായിരുന്നവനല്ലേ....... ?"
"ഇല്ല, അവനെയെനിക്കറിയുകപോലുമില്ലാ"യെ
ന്ന് ഉറക്കെ നിഷേധിച്ചുകൊണ്ട് പത്രോസ് തലകുനിക്കുമ്പോൾ വിചാരണ കാത്തു കോട്ട കൊത്തളങ്ങൾക്കുള്ളിൽ തന്നെ കടലിനുമീതെ നടത്തിയവൻ......
മുഖമൊന്നു തിരിച് നാഥൻ അവനെ ഒന്ന് നോക്കി..... പുറത്തുപോയിരുന്ന് പത്രോസ് ഉള്ളം നൊന്തുകരഞ്ഞു......
ഗുരുവിനെ നിഷേധിച്ചവനായിട്ടും ചാപല്യങ്ങളേറെ കാട്ടിയിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് തന്റെ സഭയുടെ തലവനായി ഈശോ പത്രോസിനെതന്നെ തിരഞ്ഞെടുത്തത് ?
പള്ളിക്കൂദാശക്കാലത്തിന്റെ ആദ്യ ഞായറാഴ്ചയിലെ സുവിശേഷ വായനയിൽ നിന്നും അതിനുത്തരം ലഭിക്കുന്നുണ്ട്. കേസറിയ ഫിലിപ്പിയിൽവച്ച് ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നതെന്ന മിശിഹായുടെ ചോദ്യത്തിനുത്തരമായി പത്രോസ് നടത്തിയ വിശ്വാസപ്രഖ്യാപനമാണത്.
"നീ ജീവനുള്ള ദൈവത്തിൻറെ പുത്രനായ ക്രിസ്തുവാണ്‌.  "(മത്താ. 16:16)
മാംസരക്തങ്ങൾ മനുഷ്യനെ ഭൂമിയോട് ചേർത്തു നിർത്തുമ്പോൾ പിതാവിന്റെ കരുണ പത്രോസിനെ വിശ്വാസത്തിന്റെ ഗിരിശൃംഗളിലേക്കുയർത്തുന്നു. ദൈവിക വെളിപാടിനോട് സഹകരിച്ച പത്രോസിന് ഈശോ കൊടുത്ത സമ്മാനമാണ് സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ. അങ്ങനെ പത്രോസാകുന്ന പാറമേൽ സഭ ജന്മമെടുക്കുന്നു.
നമ്മുടെ ജീവിതത്തിലുണ്ടോ ഈ കേസറിയ ഫിലിപ്പി അനുഭവം? ദൈവത്തിനുവേണ്ടി അതിയായി ദാഹിക്കുന്ന മനുഷ്യന്റെ ചിന്തകളിലേക്ക്‌ ദൈവിക വെളിപാട് സന്നിവേശിപ്പിക്കുമ്പോൾ വിശ്വാസ രഹസ്യങ്ങൾ അനാവൃതമാക്കപ്പെടുന്നു. നാവുകൊണ്ട് വിശ്വാസം ഏറ്റു പറയുന്നതിനൊപ്പം ജീവിതവും പ്രവൃത്തിയും കൊണ്ട് ഈശോ നിനക്കാരാണെന്ന ചോദ്യത്തിന് നാം മറുപടി പറയേണ്ടതുണ്ട്.
സഭയിലൂടെ ഈശോ നൽകുന്ന രക്ഷയെക്കുറിച് നാം ധ്യാനിക്കുന്ന ഈ പള്ളിക്കൂദാശക്കാലത്തിൽ പത്രോസ് ശ്ലീഹായുടെ കേസറിയ ഫിലിപ്പി അനുഭവം നാമോരോരുത്തരുടേയും ആത്മാവിലും ജീവിതത്തിലും നിറയെട്ടെയെന്നു പ്രാർത്ഥിക്കുന്നു.
ഏവർക്കും പള്ളിക്കൂദാശക്കാലത്തിന്റെ മംഗളങ്ങൾ........