കൊറോണ മുൻകരുതലുകളും ആത്മീയ ജീവിതവും

Posted by Nazrani Margam on 02:46:00

ഗൾഫിൽ എണ്ണ പാടത്ത് ജോലി ചെയ്തിരുന്ന  കാലം. അവധിക്ക് നാട്ടിൽ നിന്നും കയറിയാൽ നേരെ മസ്‌ക്കറ്റ്. അവിടെ നിന്നും  600കിലോമീറ്റർ അകലെ വീണ്ടും മരുഭൂമിയിലേക്ക്. എങ്ങോട്ട് നോക്കിയാലും ആകാശം ഭൂമിയെ ചുംബിക്കുന്നു.

പതിവ് കാഴ്ച്ചകളിൽ നിന്നും ജോലികളിൽ നിന്നും ആകെയുള്ള വിത്യാസം മാനത്തെ നിറഭേദവും, ഒട്ടക കൂട്ടങ്ങളും.

അഞ്ചോ ആറോ വർഷത്തിലൊരിക്കലുള്ള മഴ. പച്ചപ്പ് ഇല്ലാത്തതിനാൽ കണ്ണിന് കുളിർമ, ഭാവനകൾ മാത്രം.

ഉയർന്ന റാങ്കിലുള്ള ജോലി ആയതിനാൽ, വർഷത്തിലെ പ്രധാന ദിവസങ്ങളിൽ പരിശുദ്ധ ഖുർബാനയിൽ പങ്കെടുക്കാൻ അനുവാദം മേടിച്ചെടുക്കും. അടുത്തുള്ള ദൈവാലയം 450കിലോമീറ്റർ അകലെയായതിനാൽ ധാരാളം നിയമനടപടികൾ അതിനായി കടക്കണം. സാധരണകാർക്ക് അതും അന്യം. 

കുഞ്ഞുനാൾ മുതൽ അഭ്യസിച്ചിരുന്ന/ ആസ്വാദിച്ചിരുന്ന ജീവിതസാഹചര്യങ്ങളിൽ നിന്നും വ്യത്യസ്തമായ മരുഭൂമി ജീവിതത്തിൽ,  ഞങ്ങളുടെ ആത്മീയ ഗുരുവായ മുതുപ്ലാക്കൽ സെബാസ്റ്റ്യനച്ചൻ നൽകിയ ബോധ്യങ്ങളാണ് സഭയോട് ചേർന്നായിരിക്കുവാനും, വളരെ ആഘോഷപൂർവ്വം ഓരോ യാമങ്ങളിലും പരിശുദ്ധ സഭയോട് ചേർന്ന് പിതാവായ ദൈവത്തെ ആരാധിക്കുന്നതിനും,  അവളിൽനിന്നും ശക്തി സ്വീകരിച്ച് വളരെ സജീവമായി കർമ്മരംഗങ്ങളിൽ വ്യാപരിക്കാനും  സഹായിച്ചത്.

തിരുസഭയിൽ അർപ്പിക്കുന്ന, ഓരോ പരിശുദ്ധ ഖുർബാനയും അർപ്പിക്കപ്പെടുന്നത്,  അവളുടെ എല്ലാ മക്കൾക്കും വേണ്ടിയാണ്

ഈ  ബോധ്യത്തിൽ നിന്നും ശക്തി സ്വീകരിച്ച് മരുഭൂമിയിലെ ഇടുങ്ങിയ മുറിയിൽ വളരെ ആഘോഷപൂർവ്വം യാമപ്രാർത്ഥനകൾ അർപ്പിച്ചിരുന്നു. 
ഇപ്രകാരം നമസ്കാരം ഉരുവിടുന്നതിന് ഉത്തേജിപ്പിച്ചിരുന്നത്, യാമപ്രാർത്ഥനകൾ എന്താണ് എന്ന് ലഭിച്ച ബോധ്യങ്ങളും, ആഴത്തിലുള്ള വിശ്വാസവും, അവയിൽ  നിന്നും സ്വീകരിച്ചിരുന്ന ശക്തിയുമാണ്.

പരിശുദ്ധ ഖുർബാന കഴിഞ്ഞാൽ, തിരുസഭയുടെ ഏറ്റവും ഔദ്യോഗികമായ പ്രാർത്ഥനയാണ് യാമനമസ്കാരങ്ങൾ അഥവാ യാമപ്രാർത്ഥനകൾ

വെള്ളിയാഴ്ച പൊതു അവധിയായതിനാലും, ആഘോഷങ്ങളുടെ ദിവസമായതിനാലും അന്നത്തെ ആർഭാട ഭക്ഷണങ്ങൾ ഒരു നസ്രാണിയുടെ ബോധ്യങ്ങളിൽ നിന്നും ഒഴിവാക്കിക്കൊണ്ട് നമസ്കാരങ്ങൾ ഉരുവിട്ടപ്പോൾ മരുഭൂമിയിലെ ഏകാന്തതയിൽ സ്വർഗ്ഗം താണിറങ്ങുന്ന അനുഭവം രുചിച്ചറിഞ്ഞിട്ടുണ്ട്.

കൊറോണയുടെ മുൻകരുതലുകളുടെ ഭാഗമായി പരിശുദ്ധ ഖുർബാനയിൽ പങ്കുചേരുന്നതിന് മുടക്കം നേരിടുമ്പോൾ ഓരോ നസ്രാണിക്കും ഈ  ലോകത്തോട് വലിയ ബാധ്യതയാണുള്ളത്.

പ്രാർത്ഥനയിലും ജാഗരണത്തിലും ഓരോ വ്യക്തിയും, അതുവഴി കുടുംബങ്ങളും/സമൂഹങ്ങളും ശക്തിപ്പെടണം. എല്ലാ ഭവനങ്ങളിലും, എല്ലാ യാമങ്ങളിലും ആഘോഷപൂർവമായ യാമപ്രാർത്ഥനകൾ അർപ്പിക്കണം, അതും അതിന്റെ പൂർണതയിൽ.
നോമ്പിന്റെ പുണ്യ ദിനങ്ങളിൽ ഭവനങ്ങളിലായിരിക്കുന്നവർ (ആരോഗ്യമുള്ളവർ) കഴിവതും ഉപവാസത്തോടെ അവിടുത്തോട് കൂടെ ആയിരിക്കണം. ഓരോ ഭവനവും ആത്മീയ ഉണർവ് പ്രധാനം ചെയ്യുന്നതാവണം.

മരണമടഞ്ഞ, രോഗാവസ്ഥയിൽ ആയിരിക്കുന്ന, വേദനിക്കുന്ന, ആതുരശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് ഒരു നല്ല സമരായൻ! 
ഇത് സൗകര്യം അല്ല, കടമയാണെന്ന് ഓർക്കുക. അന്ത്യവിധിയിൽ ചോദ്യം ആവർത്തിക്കപ്പെടാതിരിക്കാൻ.

കൂട്ടായ്മ പ്രാർത്ഥനകളിൽ ശീലിച്ചിട്ടുള്ള കടമ നിർവഹണമല്ല, നമസ്കാര പ്രാർത്ഥനകൾ! സഹോദങ്ങൾക്കുവേണ്ടി നീയും സഭയും നിന്റെ തമ്പുരാനുമൊത്തുള്ള സംഭാഷണമാകണമവ. അപ്പോഴാണ് ഇന്ന് വരെ നീ അറിയാതെ പോയ യാമപ്രാർത്ഥനകളുടെ മാധുര്യം നുകരാൻ നിനക്ക് സാധിക്കൂ.

കൊറോണ ഒരു നിമിത്തമായി!

കുടുംബത്തിന് വേണ്ടി അന്യനാടുകളിൽ കഷ്ടപെട്ട്, വർഷത്തിൽ ഒരു തവണ ലോകം കണ്ടുപോകുന്ന നമ്മുടെ സഹോദരങ്ങളുടെ ജീവിതനൊമ്പരങ്ങൾ അറിയാൻ... 
കുടുംബതോടൊപ്പം ചിലവിടാൻ സമയമില്ലാഞ്ഞവർക്ക് സമയമൊരുക്കാൻ...
അഗതി മന്ദിരങ്ങളിൽ പാർപ്പിച്ചിട്ടുള്ള മാതാപിതാക്കളുടെ ഒറ്റപ്പെടലിന്റെ ജീവിതസുഖമറിയാൻ...
എല്ലാം വിട്ടൊഴിഞ്ഞ് മരുഭൂമിയിലേക്ക് ഓടിയ സന്യാസത്തെ അനുസ്മരിക്കാൻ, തിരുത്തൽ നടപടികൾ കൈക്കൊള്ളാൻ...
ദൈവത്തെ തേടി അലയാതെ,  ജാഗരണത്തിലും പ്രാർത്ഥനയിലും നമ്മിലും സഹോദരങ്ങളിലും അവനെ കണ്ടെത്താൻ...
തേടി നടന്നവനൊപ്പം ഇടവക ദേവാലയത്തിൽ ഒറ്റക്കായിരിക്കാൻ...
പരിശുദ്ധ കുമ്പസാരത്തിന്റെയും മറ്റു കൂദാശകളുടെയും ലഭ്യത കുറവ് പരിഹരിക്കാൻ വലിച്ചു കീറിയ പൗരോഹിത്യത്തിലൂടെ മാത്രമേ സാധിക്കൂ എന്ന തിരിച്ചറിവുണ്ടാകാൻ...

പരിശുദ്ധ നോമ്പ് അഥവാ തിരിഞ്ഞുനോട്ടം !

മലിനീകരണ മുക്തമായി പരിസ്ഥിതി അതിന്റെ സ്വതാളം വീണ്ടെടുക്കുമ്പോൾ, പരിശുദ്ധ സഭയ്ക്ക് ഇത് വിശുദ്ധരെ പ്രധാനം ചെയ്യുന്ന പുണ്യദിനങ്ങളാവട്ടെ.