മുൾക്കിരീടമണിഞ്ഞ മൗനം
Posted by Nazrani Margam on 05:53:00
കൊല്ലാൻ കൊണ്ടു പോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുൻപിൽ നില്ക്കുന്ന ചെമ്മരിയാടിനെപ്പോലെയും അവൻ മൗനം പാലിച്ചു. (ഏശയ്യാ 53:7)
ക്രൂശിതന്റെ മൗനം വിധിവാചകം കേട്ട ഒരു കുറ്റവാളിയുടെ നിരാശയും വിദ്വേഷവും നിറഞ്ഞ ക്ഷുഭിതമാനമായിരുന്നില്ല. അത് സ്നേഹത്തിന്റെയും ക്ഷമയുടെയും മഹാകാരുണ്യത്തിന്റെയും മാനമായിരുന്നു. ആ മാനത്തിന്റെ അർത്ഥതലങ്ങൾ ഈ നോമ്പുകാലത്തിൽ നമ്മുടെ ധ്യാനവിഷയമാകേണ്ടതുണ്ട്. രുചിഭേദങ്ങളുടെ വേലിക്കെട്ടുകൾക്കുള്ളിൽ നാവിനെ ബന്ധിച്ചിടുന്ന ഒരു തടവുകാലം മാത്രമാകാതിരിക്കട്ടെ നമ്മുടെ നോമ്പനുഷ്ഠാനം.
പ്രാർത്ഥനയും ഉപവാസവും ഒന്നിച്ചു പോകുന്നതാണെന്നും ഒന്നിനെ മറ്റൊന്നിൽ നിന്ന് വേർപെടുത്താൻ സാധ്യമല്ലെന്നും സുറിയാനി സഭാപിതാവായ മാർ അപ്രേം പറയുന്നു. കാനായിൽ വെള്ളം വിഞ്ഞാക്കിയവൻ കല്ലുകളെ അപ്പമാക്കിയില്ല. അങ്ങനെ ഉപവാസത്തിന്റെ ശക്തിയും പ്രാധാന്യവും മിശിഹാ കാണിച്ചു തന്നു. പാപത്തിന്റെ ഫലമായി അത്മാവിനെ ബാധിച്ച രോഗങ്ങൾ നോമ്പും ഉപവാസവും വഴി മാറുന്നു. ഉപവാസം സത്യവും നീതിയും നിറഞ്ഞതായിരിക്കുന്നമെന്നും നോമ്പിനെ എളിമയോടെ സമീപിക്കണമെന്നും യഥാർത്ഥ ഉപവാസം വലിയൊരു നിധി തന്നെയാണെന്നും അപ്രേം പിതാവ് വെളിവാക്കുന്നുണ്ട്. നോമ്പിന്റെ തലേന്ന് പേത്തുർത്ത ആചരിക്കുന്നു. തിരിഞ്ഞുനോട്ടം എന്നാണ് ഈ സുറിയാനി വാക്കിന്റെ അർത്ഥം. ഭൗതികതയുടെ എല്ലാ ഉത്സവങ്ങളോടും വിട പറഞ്ഞുകൊണ്ട് അനുതാപത്തിന്റെയും പ്രാർത്ഥനയുടെയും വലിയ അനുഭവത്തിലേയ്ക്കുള്ള കടന്നുവരവാണ് നോമ്പ് .
വിശുദ്ധിയും ചൈതന്യവും നിറഞ്ഞ നല്ല ഒരു നോമ്പനുഭവം നമ്മുടെ ജീവിതത്തിലും ഉണ്ടാകട്ടെ. ആരാധനക്രമത്തിലധിഷ്ഠിതമായ ഒരു നോമ്പാചരണത്തിലൂടെ നമ്മിലെ പഴയ മനുഷ്യനെ ഉരിഞ്ഞുകളഞ്ഞ് പുതിയ മനുഷ്യനെ ധരിക്കാം. ഏവർക്കും അനുഗ്രഹദായകമായ ഒരു നോമ്പുകാലം ആശംസിക്കുന്നു.