ഉദയത്തിനുമുമ്പുള്ള ഉഷ:കാല നക്ഷത്രം...

Posted by Nazrani Margam on 19:09:00
രക്ഷാകര ചരിത്രത്തിലെ പ്രധാന സംഭവങ്ങളിൽ ഒന്നാണ് മറിയത്തിൻ്റെ ജനനം. അവളിലൂടെയാണല്ലോ രക്ഷകൻ ഭൂജാതനായത്. അതുകൊണ്ടായിരികണം 4-)o നൂറ്റാണ്ടുമുതൽ തന്നെ ഈ ജനനത്തിരുനാൾ പൗരസ്ത്യസഭകളിൽ ആഘോഷിച്ചുതുടങ്ങിയത്. യാക്കോബിൻ്റെ സുവിശേഷം, യാക്കോബിൻ്റെ ചരിത്രം എന്നീ രണ്ടു അപ്രമാണികഗ്രന്ഥങ്ങളാണ് മറിയത്തിൻ്റെ ജനനത്തെക്കുറിച്ച് അറിവ് തരുന്ന പ്രധാന രേഖകൾ. സന്താനസൗഭാഗ്യമില്ലതെ ദു:ഖിതരായിരുന്ന മറിയത്തിൻ്റെ മാതാപിതാക്കളായ യൊവാക്കിം, അന്ന വ്യദ്ധ ദമ്പതികൾക്ക് അനുഗ്രഹമായി നല്കിയതാണു മറിയം. മറിയത്തിൻ്റെ ജനനത്തെക്കുറിച്ച് ഇന്ന് നിലനില്ക്കുന്ന വിശ്വാസം, ദൈവമാത്യത്വമെന്ന അവളുടെ അനന്യസ്ഥാനത്തെയും അവളുടെ സ്വർഗ്ഗപ്രാപ്തിയേയും കുറിച്ചുള്ള വിശ്വാസത്തിൽനിന്നും പഠനത്തിൽനിന്നുമുള്ള ദൈവശാസ്ത്ര നിഗമനങ്ങളാണ്.
സഭയിൽ പൊതുവായി വിശുദ്ധരുടെ ജനനതിരുനാൾ ആചരിക്കുന്നില്ല. വിശുദ്ധരുടെ മരണ ദിവസമാണ് ആചരിക്കുന്നത്. അന്നാണല്ലോ അവർ മിശിഹായുടെ മഹത്വത്തിൽ പരിപൂർണ്ണമായി പങ്കുകരായി സ്വർഗ്ഗത്തിൽ ജനിക്കുന്നത്. വിശുദ്ധരാരും വിശുദ്ധരായി ജനിക്കുന്നില്ല. അവർ വിശുദ്ധരായി മരിക്കുകയാണ് ചെയ്യുന്നത്. ഈ ചിന്താഗതികളിൽ നിന്നും വ്യത്യസ്തമായാണു ദൈവപുത്രനായ മിശിഹായുടെയും (ഡിസംബർ 25) കന്യാമറിയത്തിൻ്റെയും (സെപ്റ്റംബർ 8 ) സ്നാപകയോഹനാൻ്റെയും (ജൂൺ 24) ജനനതിരുന്നാൾ ആഘോഷിച്ചുവരുന്നത്.
ദൈവകൃപ കൂടാതെ രക്ഷയുടെ പാതയിലേക്കു തിരിച്ചു വരുവാൻ സാധ്യമല്ലാത്ത വിധം മനുഷ്യവംശം പാപത്തിൽ നിപതിച്ചിരുന്നു. അതിൻ്റെ വേദനയിൽ ജനം ഇങ്ങനെ പ്രാർത്ഥിച്ചു, "ആകാശങ്ങളെ രക്ഷകനെ പൊഴിക്കുക, സൈന്യങ്ങളുടെ ദൈവമായ കർത്താവെ നിൻ്റെ മുഖം കാണിക്കുക." ദൈവം ജനത്തിൻ്റെ വേദന നിറഞ്ഞ രോദനം കേട്ടു. അതിനുത്തരമായി ദൈവപുത്രനു ജന്മം കൊടുക്കുവാൻ ദൈവം ഒരാളെ തിരഞ്ഞെടുത്തു. ഉദയത്തിനുമുമ്പുള്ള ഉഷ:കാല നക്ഷത്രംപോലെ, അമലോദ്ഭവമായി മറിയം ജനിക്കുവാൻ ഇടയായി. സമലംകൃതയായ മറിയം പുണ്യശ്ലോകരും ദൈവത്തിൻ്റെ ദൃഷ്ടിയിൽ ഏറ്റവും പ്രിയപ്പെട്ടവരുമായിരുന്ന യൊവാക്കീമിൻ്റെയും അന്നയുടെയും പുത്രിയായി ജനിച്ചു. അവൾ ' തീർത്തും അഴകുള്ളവളും' (ജറമിയ) സ്യഷ്ടാവിനെ പ്പോലെ "വിമലയും അമലയുമായിരുന്നു" (എഫ്രേം).